വയനാടന്‍ കാപ്പി മലബാറിന്റെ മേല്‍വിലാസം തുന്നി ഉടന്‍ വിപണിയിലിറക്കുന്നു
കല്‍പ്പറ്റ: വയനാടിന്റെ സ്വന്തം കാപ്പി മലബാര്‍ കാപ്പി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് ഉടന്‍ വിപണിയിലിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വയനാട്ടില്‍ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന മലബാര്‍ കാപ്പി പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ദിദ്വിന ശില്‍പ്പശാലക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനായി കല്‍പ്പറ്റക്കടുത്ത വാര്യാട് ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിയില്‍ ആധുനിക രീതിയിലുള്ള കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കും. 150 കോടി രൂപ കിഫ്ബിയില്‍ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ഒരുക്കും. ഈ കേന്ദ്രത്തെ സംരഭകര്‍ക്കായുള്ള കോമണ്‍ ഫെസിലിറ്റേറ്റിംഗ് സെന്റര്‍ ആക്കി മാറ്റും.
എന്നാല്‍ ഈ കേന്ദ്രത്തിന്റെ കേന്ദ്ര ബിന്ദു കോഫി പ്രോസസിംഗ് സെന്റര്‍ ആയിരിക്കും. അടുത്ത വര്‍ഷം അവസാനം ആകുമ്പോഴേക്കും കോഫി പാര്‍ക് യാഥാര്‍ഥ്യമാകും. അതിന് മുമ്പ് തന്നെ കേരളത്തിലുട നീളം മലബാര്‍ കാപ്പി വിതരണം ചെയ്യാന്‍ കിയോസ്‌ക്കുകളാരംഭിക്കും. പ്ലാന്റില്‍ കാപ്പി വില്‍ക്കുന്നവര്‍ കൃഷി രീതിയില്‍ അനുവര്‍ത്തിക്കേണ്ട ചിട്ടകള്‍ സംബന്ധിച്ച് കൃഷി വകുപ്പ് രൂപരേഖ തയാറാക്കും.
കര്‍ഷകസംഘടനകള്‍, ഉല്‍പാദക കമ്പനികള്‍, വ്യക്തികള്‍ തുടങ്ങി താല്‍പര്യമുള്ള ആര്‍ക്കും പ്ലാന്റുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ഒരുക്കും. മലബാര്‍ കാപ്പിയുടെ ഏറ്റവും വലിയ മേന്മ അത് കാര്‍ബന്‍ ന്യുട്രല്‍ വയനാടിന്റെ കാപ്പി ആണ് എന്നതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."