ചങ്ങരംകുളത്ത് മൂന്നിടത്ത് അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്
ചങ്ങരംകുളം: ചങ്ങരംകുളത്ത് മൂന്നിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളത്ത് വുഡ്‌കോ കമ്പനിയുടമ പാവിട്ടപ്പുറം ഒതളൂര്‍ കോട്ടേല വളപ്പില്‍ ജയന്‍ (38), പാവിട്ടപ്പുറത്ത് പ്രസാദ്, വെള്ളാര്‍ക്കാട് സ്വദേശി ചോഴിക്കുന്നത്തില്‍ പ്രസാദ് (38), പാലാഴിയില്‍ ശിവശങ്കരന്‍ (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടങ്ങള്‍ നടന്നത്. ചങ്ങരംകുളത്തുനിന്ന് എടപ്പാള്‍ ഭാഗത്തേക്കു പോകുകയായിരുന്ന ജയനും പ്രസാദും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറൂഷ് ഹോട്ടലിന് മുന്‍വശത്തുവച്ച് പിറകില്‍വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് ഇതേ ദിശയില്‍ വരികയായിരുന്ന കാറിന് മുന്‍വശത്ത് തട്ടി തെറിച്ചുവീഴുകയായിരുന്നു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടപ്പാളില്‍നിന്ന് കുന്നംകുളം ഭാഗത്തേക്കുപോകുകയായിരുന്ന പ്രസാദും ശിവശങ്കരനും സഞ്ചരിച്ചിരുന്ന ബൈക്ക് കടവല്ലൂരില്‍വെച്ച് നിയന്ത്രണംവിട്ട് എതിരേ വന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു റോഡരികിലേക്കുവീണ ഇവരെ നാട്ടുകാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടവല്ലൂരിലേക്ക് പോകുകയായിരുന്ന അധ്യാപിക സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ചങ്ങരംകുളത്ത് എത്തിയപ്പോള്‍ പിറകില്‍വന്നിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കുവീണ ഇവര്‍ക്ക് നിസാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."