ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ തുടരുന്ന പനി മരണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ യു.വി ജോസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച മുതല്‍ ഒരാഴ്ച വളണ്ടിയര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് തീവ്രയജ്ഞ പ്രവര്‍ത്തനം നടത്തും.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃതത്തില്‍ വിവിധ സ്‌ക്വാഡുകള്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തനത്തിറങ്ങും. ഇതിന് മുന്നോടിയായി എം.കെ രാഘവന്‍ എം.പി പങ്കെടുത്ത് പഞ്ചായത്തംഗങ്ങളുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ക്ക് രൂപം നല്‍കി. വാര്‍ഡ് തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ യോഗവും നടന്നു.
ബുധനാഴ്ചത്തെ ഉള്‍പ്പടെ പനി ബാധിച്ച് ഏഴ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തില്‍ ഇതുവരെ ഡെങ്കി പനിയെന്ന് സംശയിക്കുന്ന നാല് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇതില്‍ മൂന്നെണ്ണം കൂരാച്ചുണ്ട് പി.എച്ച്.സി പരിധിയിലും ഒരെണ്ണം കക്കയത്തെ സര്‍ക്കാര്‍ ആശുപത്രി പരിധിയിലുമാണ്.
ഷൈനി, വര്‍ക്കി, മൈക്കിള്‍, കനകമ്മ എന്നിവരാണ് മരിച്ചത്. കൂരാച്ചുണ്ട് പി.എച്ച്.സിയില്‍ മാത്രം 58 കേസുകളാണ് ഡങ്കിപനി രോഗലക്ഷണങ്ങളോടെ പരിശോധനക്കെത്തിയത്. ഇതില്‍ അഞ്ച് എണ്ണത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നും കൂരാച്ചുണ്ട് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ 20 ദിവസത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചതായി കലക്ടര്‍ യോഗത്തെ അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും രണ്ട് ഡോക്ടര്‍മാര്‍ 15 ദിവസത്തെ സേവനം നല്‍കും.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ ഇടപെടലിലൂടെയും ഡെങ്കിപ്പനിയെ പ്രതിരോധിക്കണമെന്ന് എം.കെ.രാഘവവന്‍ എം.പി. പറഞ്ഞു. ഡങ്കിപനി ബാധിച്ച കുടുംബങ്ങളെ സഹായിക്കാന്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.എം.ഒ ആശാദേവി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, വൈസ് പ്രസിഡന്റ് കെ.ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ അമ്മത്, ഡോ. കെ.എസ് ദിവ്യ, ഡോ. ഷാരോണ്‍, ഫാദര്‍ കുര്യാക്കോസ് ഐകൊളമ്പന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."