നിനച്ചിരിക്കാതെ അവര്‍ യാത്രയായി; മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ തേങ്ങി
മുക്കം: പതിവുപോലെ കളിച്ചും ചിരിച്ചും മുക്കം ഓര്‍ഫനേജ് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ തേടിയെത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. ആദ്യം വാര്‍ത്തകേട്ട് അമ്പരന്ന അധ്യാപകര്‍ കൃത്യമായ ധാരണയില്ലാതെ പകച്ചുനിന്നു. പ്രിയ അധ്യാപികയും സഹപാഠിയും ടിപ്പറിടിച്ച് മരിച്ച വാര്‍ത്തയറിഞ്ഞതോടെ പലരുടെയും നയനങ്ങള്‍ നിറഞ്ഞൊലിച്ചു.
ഇന്നലെ രാവിലെ 8.45ന് മുക്കം കടവ് പാലം അപ്രാച്ച് റോഡിലാണ് സംഭവം. മുക്കത്തുനിന്ന് ആനയാംകുന്ന് ഭാഗത്തേക്ക് മെറ്റലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ഷീബ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ കണ്ണാടി ടിപ്പറില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു.
സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. തലക്ക് മുകളിലൂടെ ടിപ്പര്‍ കയറിയ ഷീബ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഹിഫ്ത്ത ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. കുനിയില്‍ പരേതരായ പിലാക്കണ്ടി അഹമ്മദ് കുട്ടി, മറിയം ദമ്പതികളുടെ മകളാണ് ഷീബാ മജീദ്. സഹോദരങ്ങള്‍: ഹഫ്‌സത്ത് (ഹിറാ സ്‌കൂള്‍ അധ്യാപിക), റസിയ, നൂര്‍ജഹാന്‍ (പള്ളിമുക്ക് എ.എല്‍.പി സ്‌കൂള്‍ അധ്യാപിക) മൂനീര്‍ ബാബു (ചീക്കോട് ഹൈസ്‌കൂള്‍ അധ്യാപകന്‍).
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് പേരുടെയും മൃതദേഹങ്ങള്‍ വൈകിട്ട് 4.35ഓടെയാണ് പൊതുദര്‍ശനത്തിനായി ഓര്‍ഫനേജ് സ്‌കൂളിലെത്തിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും വിവിധ രാഷ്ട്രീയ, സാമൂഹിക, മതരംഗത്തെ പ്രമുഖരടക്കം ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ തടിച്ചുകൂടി.
മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ കാസിം, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, സലാം ഫൈസി മുക്കം, അയ്യൂബ് കൂളിമാട്, എം.ടി അഷ്‌റഫ്, വി. ഹസ്സു ഹാജി, അബ്ദുല്ല കുമാരനെല്ലൂര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."