ലോക അത്‌ലറ്റിക്‌സ്: മലയാളി താരങ്ങള്‍ക്ക് ഇന്നു രാത്രി നിര്‍ണായകം
കോഴിക്കോട്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മലയാളികളുടെ മിന്നും പോരാട്ടം നടക്കും. ഇന്നത്തെ രാത്രി ഏറെ നിര്‍ണായകം. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ഫൈനല്‍ ലക്ഷ്യമിട്ട് മലയാളിതാരം എം.പി ജാബിര്‍ ഇന്ന് ട്രാക്കിലിറങ്ങും. രാത്രി എട്ടരയ്ക്കാണ് സെമിഫൈനല്‍ തുടങ്ങുക. ഹീറ്റ്‌സില്‍ 49.62 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിര്‍ സെമിയിലെത്തിയത്.
മലയാളികളുടെയും രാജ്യത്തിന്റെയും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു ജാബിറിന്റെ പ്രകടനം. എ ധരുണ്‍ ഈയിനത്തില്‍ മത്സരിച്ചെങ്കിലും ഹീറ്റ്‌സില്‍ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ലോംഗ്ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ 7.62 മീറ്റര്‍ ചാടിയ ശ്രീശങ്കറിന് ഇരുപത്തിരണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്.
ഇന്ത്യക്ക് ഏറ്റവും മെഡല്‍ പ്രതീക്ഷയുള്ള 400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റസാണ് ഇന്ന് നടക്കുക. 16 ടീമുകള്‍ മത്സരിക്കുന്ന റിലേയില്‍ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്‌ന മാത്യു എന്നിവര്‍ ഉള്‍പ്പെട്ടതാണ് റിലേ ടീം. രാത്രി പത്തരയ്ക്കാണ് ഹീറ്റ്‌സ് തുടങ്ങുക. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതി ചന്ദും ഇന്ന് ട്രാക്കിലിറങ്ങും. വൈകിട്ട് ആറരയ്ക്കാണ് 100 മീറ്റര്‍ ഹീറ്റ്‌സ് തുടങ്ങുക.
നൂറ് മീറ്ററിലെ പുതിയ ലോക ചാമ്പ്യനെ ഇന്നറിയാം. രാത്രി 12.45ന് 100 മീറ്റര്‍ ഫൈനല്‍ നടക്കും. ഉസൈന്‍ ബോള്‍ട്ട് വിരമിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ലോക മീറ്റില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, കാനഡയുടെ ആരോണ്‍ ബ്രൗണ്‍ ആന്ദ്രേ ഡി ഗ്രാസ്, ബ്രിട്ടന്റെ ഷാര്‍ണെല്‍ ഹ്യൂസ് തുടങ്ങിയവരാണ് അതിവേഗ താരമാവാന്‍ മത്സരിക്കുന്നത്.
ലോക കായിക പൂരത്തിന് ഇന്നലെ വൈകിട്ട് കോര്‍ണിഷില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തിരി തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഐ.എ.എ.എഫ് വേള്‍ഡ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 2019ന്റെ ഉദ്ഘാടന പരിപാടികള്‍ നടന്നത്. ഖലീഫ സ്റ്റേഡിയം തന്നെയാണ് പ്രധാന മത്സര വേദി.
ലോക അത്‌ലറ്റിക്‌സ് മേളയുടെ പ്രധാന ഇനങ്ങള്‍ക്കു വേദിയാകുന്നതും ഖലീഫ സ്റ്റേഡിയം തന്നെയാണ്. ആവേശ പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് 27 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 12 പേര്‍ മലയാളികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."