ആര്‍.എസ്.എസിന്റെ ബി ടീമായിട്ടാണ് പൊലിസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: എല്ലാസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പൊലിസിനെ നോക്കുകുത്തിയാക്കി ആര്‍.എസ്.എസ് നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് ശബരിമലയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര്‍.എസ്.എസിന്റെ ബി ടീമായിട്ടാണ് പൊലിസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നത്. സേനയുടെ മെഗാഫോണ്‍ ഉപയോഗിച്ചാണ് സംഘപരിവാര്‍ നേതാക്കള്‍ അഭിസംബോധന ചെയ്യുന്നത്. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി കൂടുതല്‍ വ്യക്തമാവുകയാണ്. 50 വയസ് കഴിഞ്ഞ ഭക്തകള്‍ക്ക് നേരേ ആക്രമണം ഉണ്ടായപ്പോള്‍ ഇടപെടാതെ കൈയും കെട്ടി മാറിനില്‍ക്കുകയാണ് പോലീസ് ചെയ്തത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ ആക്രമിക്കപ്പെടുന്നത്. 144 പ്രഖ്യാപിച്ചതിനാല്‍ തന്ത്രിയെ കാണാന്‍ പോലും ആരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ നേതാക്കളെ ശബരിമലയില്‍ തങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്.
ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ആയി ആര്‍.എസ്.എസ് നേതാക്കളെ ഏല്‍പ്പിച്ച പോലെയാണ് പൊലിസ് പെരുമാറുന്നത്. പൊലിസിനെ സംഘപരിവാറിന്റെ റിമോട്ട് കണ്‍ട്രോളര്‍ ആക്കരുത്. ശബരിമലയില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറും സിപിഎമ്മും ഈ ആസൂത്രിത നീക്കങ്ങളില്‍ നിന്നും പിന്മാറണം.
ശബരിമലയില്‍ സമാധാന അന്തരീക്ഷം പുലരണം. തീര്‍ത്ഥാടകരുടെ ആശങ്ക ഒഴിവാക്കണം. തന്നില്‍ നിന്നും നിയമോപദേശം തേടി എന്ന ശ്രീധരന്‍ പിള്ളയുടെ അവകാശവാദം തന്ത്രി രാജീവര് കണ്ഠരര് തള്ളിക്കളഞ്ഞിട്ടും വീണ്ടും അദ്ദേഹത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് നടപടി അനുചിതമാണ്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമുള്ള തന്ത്രിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. അയ്യപ്പഭക്തന്മാരുടെ ഹൃദയവേദന സര്‍ക്കാരും ബോര്‍ഡും തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."