തസ്തികയില്‍ വ്യക്തത തേടി സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്
കൊച്ചി: പൊലിസ് സേനയില്‍ തന്റെ ഇരിപ്പിടം തേടി സര്‍ക്കാരിന് ഡി.ജി.പി ജേക്കബ് തോമസിന്റെ കത്ത്.
നിര്‍ബന്ധിത അവധിക്ക് ശേഷം നാളെ സര്‍വിസില്‍ തിരിച്ചെത്തുന്നത് മുന്‍നിര്‍ത്തിയാണ് തന്റെ തസ്തിക ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്. രണ്ടര മാസം നീണ്ടു നിന്ന നിര്‍ബന്ധിത അവധിക്ക് ശേഷമാണ് ജേക്കബ് തോമസ് സര്‍വിസിലേക്ക് തിരിച്ചെത്തുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാരാണ് തന്നോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതായി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. അതിനാല്‍ തന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമയുദ്ധത്തിലൂടെ ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിയായി തിരിച്ചെത്തിയതോടെ സര്‍ക്കാര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു. അവധി അവസാനിപ്പിച്ച് തിരികെ എത്തുന്ന ജേക്കബ് തോമസിന് നിലവിലെ അവസ്ഥയില്‍ വിജിലന്‍സ് ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യേണ്ട അവസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെയോ ആഭ്യന്തര സെക്രട്ടറിയുടെയോ മുന്‍പാകെ റിപോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല.
ഇത്തരത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് തന്റെ പദവി ഏതെന്ന വ്യക്തത തേടി ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
ടി.പി സെന്‍കുമാര്‍ വിരമിക്കുന്നതോടെ സേനയിലെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഓഫിസറായ ജേക്കബ് തോമസിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ട്.
എന്നാല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് ഇതിനോട് എതിര്‍പ്പുണ്ട്. ഐ.എം.ജി ഡയറക്ടര്‍ പദവി നല്‍കി ജേക്കബ് തോമസിനെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."