സ്റ്റേഷന്‍ വളപ്പ് നിറഞ്ഞു; ഇനി സൂക്ഷിക്കാനിടമില്ല
ചെറുവത്തൂര്‍: കേസുകളില്‍ പെട്ടു പിടിച്ചുവയ്ക്കപ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ചന്തേര പൊലിസ് അനുഭവിക്കുന്ന വിഷമം ചില്ലറയല്ല. മണല്‍ കടത്തിനിടെ പിടിച്ചെടുത്തതും അപകടത്തില്‍പ്പെട്ടതുമായ വാഹനങ്ങളാല്‍ സ്ഥലമെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതിനിടയിലാണ് അനധികൃത മണലെടുപ്പിനിടെ പിടികൂടിയ തോണിയും മണലും സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷനോടു ചേര്‍ന്ന പരേഡ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. ഒടുവില്‍ സ്റ്റേഷനു മുന്നില്‍ പിടിച്ചിട്ടിരിക്കുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ തോണി ഇറക്കിവയ്ക്കുകയായിരുന്നു. മിനി ലോറിയില്‍ എത്തിച്ച തോണിയും മണലും പത്തോളം പേരുടെ പരിശ്രമഫലമായാണ് ലോറിയിലേക്ക് ഇറക്കിയത്.
വാഹനങ്ങള്‍ റോഡരികില്‍ നിറയുകയും കാല്‍നടയാത്രക്കാര്‍ വലയുകയും ചെയ്തപ്പോള്‍ പി.ആര്‍ മനോജ് എസ്.ഐ ആയിരിക്കെ ലോറികളും മറ്റും ജെ.സി.ബി ഉപയോഗിച്ച് ഒരിക്കല്‍ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വാഹനങ്ങള്‍ റോഡരികില്‍ എത്തിത്തുടങ്ങി. അനധികൃത മണല്‍ കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാഹനങ്ങളുടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ.
കേസുകള്‍ നീളുമ്പോള്‍ വാഹനങ്ങള്‍ തുരുമ്പിച്ച് ഉപയോഗയോഗ്യമല്ലാതായി തീരുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേസുകളില്‍ കുടുങ്ങിക്കിടക്കുന്നതും ഉടമസ്ഥര്‍ ഉപേക്ഷിച്ചതുമായ നൂറിലധികം വാഹനങ്ങളാണ് ഇപ്പോള്‍ പരേഡ് ഗ്രൗണ്ടിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."