നാടിനെ വിറപ്പിച്ച പുള്ളിപ്പുലിയെ മയക്കുവെടി വച്ചു പിടികൂടി
പുല്‍പ്പള്ളി: ഒരു മാസക്കാലമായി ഇരുളത്തും പരിസരപ്രദേശങ്ങളിലും ഭീതിപരത്തിയ പുള്ളിപ്പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ആറരയോടെ മയക്കുവെടിവച്ചു പിടികൂടി.
ഏകദേശം 12 വയസുള്ള ആണ്‍പുലിയാണ്. പ്രാഥമികശുശ്രൂഷ നല്‍കിവരികയാണ്. പുലിയെ എന്തുചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല.
പുലിയെ പിടിക്കാന്‍ വെള്ളിയാഴ്ച മാതമംഗലത്തു കൂടു വച്ചിരുന്നു. മയക്കുവെടിക്കുള്ള സംവിധാനവുമൊരുക്കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മാതമംഗലത്തിനടുത്ത കോളിമൂല കോളനിക്കു സമീപത്തുവച്ചു പുലി റോഡു മുറിച്ചുകടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.
ആ സമയത്തു മയക്കുവെടി വയ്ക്കുന്നത് അപകടകരമാകുമെന്നതിനാല്‍ ഒഴിവാക്കി. തുടര്‍നിരീക്ഷണത്തിലായിരുന്ന പുലിയെ രാവിലെ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു. കുപ്പാടിയിലേയ്ക്കു കൊണ്ടുപോയി കൂട്ടിലടച്ചു.
പുലി വളര്‍ത്തു മൃഗങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചു കൊല്ലാന്‍ തുടങ്ങിയതോടെയാണു നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇതില്‍ രണ്ടു വനപാലകര്‍ക്കും നാട്ടുകാരില്‍ നാലുപേര്‍ക്കും പരുക്കേറ്റിരുന്നു. പിന്നീട് വനംവകുപ്പു മന്ത്രിയുമായി പഞ്ചായത്ത് മെമ്പര്‍ ടി.ആര്‍ രവിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പുലിയെ പിടികൂടുന്ന നടപടികള്‍ വേഗത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."