പഴശ്ശി ഇറിഗേഷന്‍ അധികൃതരുടെ അനാസ്ഥ: നാഥനില്ലാതെ തകരുന്നത് കോടികള്‍ ചെലവിട്ട കുട്ടികളുടെ പാര്‍ക്ക്
ഇരിട്ടി: മലവെള്ളപാച്ചിലില്‍ തകര്‍ന്ന പഴശ്ശി ഉദ്യാനത്തിന് ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇനിയും ശാപമോക്ഷമായില്ല.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പഴശ്ശി ഡാമിലെ കുട്ടികളുടെ പാര്‍ക്കുകള്‍, വിനോദോപകരണങ്ങള്‍, പുഴയോര വ്യൂ പാര്‍ക്കുകള്‍ എന്നിവയാണ് തകര്‍ന്നടിഞ്ഞ് നാശത്തിന്റെ വക്കിലായത്. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കോടികള്‍ ചെലവിട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെങ്കിലും നാളിതുവരെ ഇത് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല.
2012ല്‍ മലയോരത്തുണ്ടായ ഉരുള്‍പൊട്ടലിലും മഴവെള്ളപാച്ചിലിലും പഴശ്ശി ഡാം കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ഡാമിനോട് ചേര്‍ന്ന പാര്‍ക്കും പൂന്തോട്ടവും തകര്‍ന്നത്. പഴശ്ശി അണക്കെട്ടിന്റെ ഇരുവശങ്ങളിലുള്ള രണ്ട് പാര്‍ക്കും പൂന്തോട്ടവുമാണ് 2012ല്‍ ഒലിച്ചുപോയത്.
പുഴയോര വ്യു, പാര്‍ക്കുകള്‍, ഉദ്യാനം, കുട്ടികളുടെ പാര്‍ക്കുകള്‍, വിനോദോപകരണങ്ങള്‍ എന്നിവയാണ് ഇവിടെ പുതുതായി ഒരുക്കിയിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തികരിച്ചുവെങ്കിലും ഉദ്ഘാടനം നടക്കാത്തത് കാരണം ഈ സ്ഥലം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിക്കൊണ്ടിരിക്കുകയാണ്. പുതുതായി കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ വിനോദോപകരണങ്ങള്‍ പലതും നശിക്കുകയോ തകര്‍ക്കപ്പെട്ട നിലയിലോ ആണ്. കുട്ടികളുടെ പാര്‍ക്കും പുഴയോര നടപ്പാതയും തുറന്നുകൊടുത്തിട്ടില്ലെങ്കിലും നിരവധി ആളുകളാണ് ഇവിടം കാണാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."