കുട്ടികള്‍ക്കായി കുട്ടി മാഷിന്റെ കുട്ടി ലൈബ്രറി
ത് കുട്ടി മാഷ്. കെ.എന്‍ കുട്ടി കടമ്പഴിപ്പുറം എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബാല സാഹിത്യകാരന്. കുട്ടികളുടെ പ്രിയപ്പെട്ട ഹിന്ദി അധ്യാപകന്. എഴുത്തുകാരനും നിരവധി പുരസ്കാരങ്ങളും തേടിയെത്തി എന്നതല്ല മാഷിനെ വ്യത്യസ്തനാക്കുന്നത്; മറിച്ച് വായനയുടെ വാതായനങ്ങള്‍ തുറക്കാന്‍ സ്വന്തം വീടിന്റെ മുകള്‍ ഭാഗം തെരഞ്ഞെടുത്തു എന്നതാണ് മാഷിനെ വേറിട്ടുനിര്‍ത്തുന്നത്.
മലയാളത്തില്‍ കുട്ടികള്‍ക്ക് വേണ്ടി മുപ്പത്തിനാലു പുസ്തകങ്ങള്‍ ആ തൂലികത്തുമ്പില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്. അവയില്‍ നാടോടിക്കഥകളും മുത്തശ്ശി കഥകളും ശാസ്ത്ര കഥകളും ജീവചരിത്രവും എല്ലാം ഉണ്ട്. എഴുത്തുകാരന് ലഭിച്ച അഞ്ഞൂറോളം വരുന്ന ഓതേഴ്സ് കോപ്പികള്‍, അഞ്ഞൂറോളം പുസ്തകങ്ങള്‍ വില കൊടുത്തുവാങ്ങിച്ചും സംഭാവനയായി സ്വീകരിച്ചും ആയിരം തികച്ചാണ് ലൈബ്രറിക്ക് മാഷ് തിരി കൊളുത്തിയത്.
കുട്ടികളുടെ കഥാകാരന്
ചിലരെങ്കിലും പച്ചക്കറി കൃഷിയോ മറ്റോ ചെയ്ത് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും വീടിന്റെ ടെറസ് ഭാഗം ഒഴിച്ചിടുന്നതാണ് അധികവും കാണുന്നത്. തന്റെ വീടിന്റെ മുകള്‍ഭാഗവും ഒഴിച്ചിടാതെ എന്തു ചെയ്യാമെന്നായപ്പോള്‍ ആദ്യമുദിച്ച ആശയമാണ് സമീപത്തെ കുട്ടികള്‍ക്കായി വായനശാല തുടങ്ങിയാലോ എന്നത്. അങ്ങനെ അതിനു വേണ്ട സജ്ജീകരണമൊരുക്കലായി. 2016 മെയ് മാസത്തിലാണ് തന്റെ വായനശാലയായ 'തൂലിക'പ്രവര്‍ത്തനമാരംഭിച്ചത്. ദിനേന ഒട്ടേറെ കുട്ടികള്‍ വായനക്കെത്തുന്ന ലൈബ്രറിക്ക് 2017 ഫെബ്രുവരിയിലാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. വീടിന്റെ പുറത്തുകൂടിയാണ് മുകള്‍ഭാഗത്തേക്കുള്ള ഗോവണി. മതിലുകള്‍ക്ക് പകരം, ഇരുമ്പ് ഗ്രില്‍ കൊണ്ടുള്ള പാളികളായതിനാല്‍ കാറ്റും വെളിച്ചവും വായനയ്ക്ക് കൂട്ടെത്തുന്നു.
അച്ഛന് കുണ്ടുവീട്ടില്‍ അയ്യപ്പനില്‍ നിന്നായിരുന്നു കടമ്പഴിപ്പുറം ഗവ:യുപി സ്കൂള്‍ ഹിന്ദി അധ്യാപകനായ കുട്ടി മാഷ് ആദ്യം കഥകള്‍ കേട്ടു തുടങ്ങിയത്. ആ പാതയിലൂടെ വളര്‍ന്നപ്പോള്‍ വായനക്കമ്പം കൂടിവന്നു. എണ്‍പതുകളില്‍ കടമ്പഴിപ്പുറം കസ്തൂര്‍ബ വായനശാലയില്‍ അംഗത്വമെടുത്ത് ധാരാളം വായിക്കുമായിരുന്നു. ചെറുപ്പത്തിലേ കിട്ടിയ വായനാശീലവും എഴുത്തുമൊക്കെയാണ് പിന്നീട് എഴുത്തുകാരനാക്കിയത്. അധ്യാപന ജീവിതത്തില്‍ പാഠഭാഗങ്ങള്‍ വിരസമാവാതിരിക്കാനാണ് കുട്ടി മാഷ് കഥകള്‍ പറഞ്ഞുതുടങ്ങിയത്. സ്വന്തം വീടിനു മുകളില്‍ കുഞ്ഞു ലൈബ്രറിയൊരുക്കിയതിനു പിന്നിലെ ലക്ഷ്യവും ഇതുതന്നെ. മുന്‍പേ പോയവര്‍ പകര്‍ന്നുനല്‍കിയ വാനയാശീലവും കഥപറച്ചിലും മാഷ് വരുംതലമുറയ്ക്ക് കൈമാറുകയാണ്, സ്വന്തം വീടിനു മുകളിലെ ലൈബ്രറിയിലൂടെ.
കഥവഴിയില്‍ നേട്ടങ്ങളേറെ
തന്റെ ആറു പുസ്തകങ്ങള്‍ 2007ല്‍ എസ്.എസ്.എയുടെ അധികവായനക്ക് തെരഞ്ഞെടുക്കപ്പെട്ടത് മാഷിന് പുരസ്കാരങ്ങളേക്കാള്‍ വലിയ അംഗീകാരമാണ്. 2003ല്‍ അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്, 2006ല്‍ ഡോ: അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പ്, 2015ല്‍ ഗുരു ശ്രേഷ്ഠ അവാര്‍ഡ്, 2017ല്‍ അംബേദ്കര്‍ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ നാഷണല്‍ എക്സലന്‍സി അവാര്‍ഡ്, 2018ലെ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ചെറുകഥക്ക് രണ്ടാം സ്ഥാനം തുടങ്ങിയവ അംഗീകാരങ്ങളില്‍ എടുത്തുപറയേണ്ടവയാണ്.
കെ.എസ്.ടി.എ ചെര്‍പ്പുളശ്ശേരി ഉപജില്ല പ്രസിഡന്റ്, ഉപജില്ല വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍, പെരിങ്ങോട് ആള് കേരള കലാ സാഹിത്യ സാംസ്കാരിക സമിതി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന കുട്ടി മാഷിന്റെ വായനശാലയ്ക്ക് ഉണര്‍വ്വേകാന്‍ പുല്ലുണ്ടശ്ശേരി എ.എല്‍.പി സ്കൂള്‍ അധ്യാപിക കൂടിയായ ഭാര്യ രാഗിയും മക്കളായ ഐശ്വര്യയും ആര്യയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."