HOME
DETAILS

പ്ലാറ്റോ പറഞ്ഞതായിരുന്നില്ലേ ശരി

  
backup
November 11 2018 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

അരുണ്‍ കരിപ്പാല്‍#
8281840873

 

ജനാധിപത്യസംവിധാനത്തില്‍ അധികാരത്തിലേറിയവര്‍ ഏകാധിപത്യം നടത്തുന്നതും ജനങ്ങളുടെ ഭരണമെന്ന പേരിലുള്ള ഭരണം കുറച്ചുവ്യക്തികളുടെ താല്‍പ്പര്യസംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതും കണ്ട നമ്മുടെ മുന്നില്‍ തീര്‍ച്ചയായും ഉയരേണ്ട ചോദ്യം ഗ്രീക്ക് തത്വചിന്തകനായ പ്ലാറ്റോ പറഞ്ഞതായിരുന്നില്ലേ ശരിയെന്നതാണ്. ഒലിഗാര്‍ഗിക്കില്‍ പൊതുതാല്‍പ്പര്യമല്ല കുറച്ചുപേരുടെ താല്‍പ്പര്യം മാത്രമാണു സംരക്ഷിക്കപ്പെടുന്നതെന്നും ജനാധിപത്യവ്യവസ്ഥയില്‍ വ്യത്യസ്തചിന്തകള്‍ അടിച്ചമര്‍ത്തപ്പെടുന്നതാണെന്നുമാണ് പ്ലാറ്റോ പറഞ്ഞത്. അതു ശരിയാണെന്നു തന്നെയല്ലേ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
ഭരണമെന്നത് ഒരു കലയാണെന്നും അതിന് അഭിരുചിയും പരിശീലനവും ലഭിച്ചവരാണ് അഭികാമ്യമെന്നും തിരിച്ചറിഞ്ഞ ലോകത്തെ ആദ്യത്തെ വ്യക്തിയാണ് പ്ലാറ്റോ. അദ്ദേഹത്തിന്റെ 'റിപബ്ലിക്' എന്ന ക്ലാസിക്കല്‍ ഗ്രന്ഥം അതിനു തെളിവാണ്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും പ്രാഥമികവിദ്യാഭ്യാസം നല്‍കുകയും പിന്നീട് അഭിരുചി പരീക്ഷയിലൂടെ കഴിവുള്ളവര്‍ക്കു തുടര്‍വിദ്യാഭ്യാസം നല്‍കുകയും തുടര്‍ന്ന് താരതമ്യേന കഴിവു കുറഞ്ഞവരെ ഒഴിവാക്കിയൊഴിവാക്കി ഒടുവില്‍ ഏറ്റവും മികച്ചയാളെ ഭരണചക്രമേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അതിനായി അദ്ദേഹം അക്കാദമിയെന്ന സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാല്‍, ഈ രാജ്യമിന്ന് കുറച്ചാളുകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കപ്പെടുന്ന ഒലിഗാര്‍ഗിക്കല്‍ രീതിയിലേയ്ക്കു ചുരുക്കപ്പെട്ടുവെന്നതു യാഥാര്‍ഥ്യം. ഭരിക്കപ്പെടുന്ന ജനകോടികളുടെ താല്‍പ്പര്യങ്ങള്‍ക്കിവിടെ വിലയില്ല. ഭരിക്കുന്ന കുറച്ചുപേരുടെ താല്‍പ്പര്യങ്ങള്‍ക്കാണു മേല്‍ക്കൈ. അനധികൃത സ്വത്തു സമ്പാദനക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ശശികല തന്നെ ഉദാഹരണം. 1991 മുതല്‍ 1995 വരെയുള്ള ചുരുങ്ങിയ കാലത്തിനുള്ളില്‍ 50 കോടിയില്‍പ്പരം രൂപയുടെ അനധികൃത സ്വത്താണ് ഈ ജനാധിപത്യസംവിധാനത്തിലെ ഭരണത്തിന്റെ മറവില്‍ അവരും ബന്ധുക്കളും കൈവശപ്പെടുത്തിയത്.
കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കഥയും ഉദാഹരണമായെടുക്കാം. ഭരണംകിട്ടി അധികം കഴിയുന്നതിനു മുമ്പു തന്നെ ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അതില്‍നിന്നു പാഠം പഠിക്കാതെ അതേ പാതയില്‍ത്തന്നെ മന്ത്രി കെ.ടി ജലീലും നീങ്ങി. ചട്ടങ്ങളില്‍ മാറ്റംവരുത്തി അടുത്തബന്ധുവിനെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചു. അത് വിവാദമായതോടെ മറ്റു പല വഴിവിട്ട നിയമനങ്ങളുടെയും കഥകള്‍ പുറത്തുവന്നു. ഇനിയും തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ തമാശയാണ്. കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എക്കാലവും നെഹ്‌റുകുടുംബം മാത്രം. കശ്മിരില്‍ അബ്ദുല്ല സെയ്ദ് കുടുംബങ്ങള്‍ മാത്രം. ഒഡീഷയില്‍ നവീന്‍ പട്‌നായിക്കും കുടുംബവും ഉത്തര്‍പ്രദേശില യാദവ കുടുംബവും രാജസ്ഥാനിലെ വസുന്ധര രാജകുടുംബവും തമിഴ്‌നാട്ടില്‍ കരുണാനിധി കുടുംബവുമൊക്കെയാണു പാര്‍ട്ടിയും മിക്കപ്പോഴും ഭരണവും കൈയടക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ കുടുംബാധിപത്യം കാണാന്‍ സാധിക്കും.
ഉപതെരഞ്ഞെടുപ്പില്‍ പോലും കഴിവും പാരമ്പര്യവുമുള്ള വ്യക്തികള്‍ക്കു പകരം പലപ്പോഴും കുടുംബത്തിനാണു പ്രാധാന്യം. പഞ്ചായത്ത് തൊട്ട് പാര്‍ലമെന്റ് വരെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആ രീതിയാണു സ്വീകരിക്കുന്നത്. കുടുംബാധിപത്യത്തെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും സി.പി.എമ്മുമുള്‍പ്പെടെ ഈ രീതി ഉപതെരഞ്ഞെടുപ്പുകളിലും പ്രയോഗിച്ചുവരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന തലമായ പൊളിറ്റ് ബ്യൂറോയില്‍ പാര്‍ട്ടി രൂപീകൃതമായി ഇന്നേവരെ അഞ്ചുപതിറ്റാണ്ടായിട്ടും ദലിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ഒരാള്‍പോലും അംഗമായിട്ടില്ല.
അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന ജനാധിപത്യവ്യവസ്ഥയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യ നിഷേധമുള്ളത്. നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യംചെയ്തതിന്റെ പേരിലാണ് പ്ലാറ്റോയുടെ ഗുരുവായ സോക്രട്ടീസിനെ വിഷം കൊടുത്തു കൊന്നത്. ഒരുപക്ഷേ, അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ലോകത്തിലെ ഭരണകൂടഭീകരതയുടെ ആദ്യത്തെ ഇര സോക്രട്ടീസായിരിക്കും. അപ്‌സ്പയുടെയും യു.എ.പി.എയുടെയും മറവിലുള്ള ജനാധിപത്യഭരണകൂടങ്ങളുടെ കടന്നുകയറ്റവും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും രാജ്യദ്രോഹക്കുറ്റവുമെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന പുതിയരീതികളാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള അറിവും സഹിഷ്ണുതയും ഭരണാധികാരികള്‍ക്കില്ലെന്നതാണു സത്യം.
അധികാരത്തിലേക്കുള്ള കുറുക്കുവഴി പ്രതിമകള്‍ക്കുണ്ടെന്ന മിഥ്യാബോധത്തിലാണ് 2989 കോടി രൂപ മുടക്കി പട്ടേല്‍ പ്രതിമ നിര്‍മിച്ചത്. ലളിതജീവിതം നയിച്ചു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ആദര്‍ശങ്ങള്‍ നടപ്പാക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും ശുദ്ധവങ്കത്തമാണു കാണിച്ചിരിക്കുന്നത്. ശക്തമായൊരു കൊടുങ്കാറ്റില്‍ കടപുഴകിപ്പോകാവുന്നതേയുള്ളൂ പ്രതിമകള്‍. എന്നാല്‍, ചിന്തകള്‍ക്കു മരണമോ നാശമോ ഇല്ല. നല്ല ചിന്തകള്‍ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, പ്രതിമകള്‍ക്കു സാധ്യമല്ല.
ഇവിടെയാണ് ഭരണാധികാരി ഫിലോസഫറായിരിക്കണമെന്ന പ്ലാറ്റോ ചിന്തയുടെ പ്രസക്തി. പ്ലാറ്റോയുടെ ഭരണാധികാരിക്കു കുടുംബത്തിന്റെ കെട്ടുപാടുകളില്ല. അതുകൊണ്ടു സ്വജനപക്ഷപാതത്തിനു പ്രസക്തിയില്ല. സമൂഹത്തിലെ ഓരോ വിഭാഗവും അവരില്‍ അര്‍പ്പിതമായ ജോലികള്‍ നിര്‍വഹിച്ചുപോകുന്ന സഹവര്‍ത്തിത സമൂഹമാണദ്ദേഹം ആഗ്രഹിച്ചത്. പ്ലാറ്റോ അഭിരുചിയെ അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിലൂടെയാണു സാമൂഹ്യഘടന രൂപപ്പെടുത്തിയത്.
പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഭരണസമ്പ്രദായം ജനാധിപത്യമാണെന്നതില്‍ തര്‍ക്കമില്ല. ജനാധിപത്യമെന്നത് പങ്കാളിത്ത ജനാധിപത്യമായിരിക്കണമെന്ന തിരിച്ചറിവിന്റെ കാലമാണിത്. അധികാരവികേന്ദ്രീകരണത്തിന്റെ ഉദാത്തമായ മാതൃകയായി കേരളത്തെ പരിഗണിക്കുമ്പോഴും രണ്ടുപതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സ്ത്രീകളുടെ കാര്യത്തില്‍ ഒരു പരിധിവരെ പുരുഷന്മാരുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്‍സീറ്റ് ഡ്രൈവിങ് തന്നെയാണുള്ളത്.
എങ്കിലും ഭരണാധികാരികള്‍ക്ക് ആകെ പരിശീലനം ലഭിക്കുന്നൊരിടം തദ്ദേശഭരണ സ്ഥാപനങ്ങളാണ്. കില അതിനായുള്ള സ്ഥാപനവുമാണ്. ഒരുതരത്തില്‍ പ്ലാറ്റോയുടെ സങ്കല്‍പ്പത്തിലുള്ള സ്ഥാപനമായി കിലയെ പരിഗണിക്കാം. കുടുംബപാരമ്പര്യത്തിന്റെയും വിധേയത്വത്തിന്റെയും അടിസ്ഥാനത്തില്‍ അധികാരത്തിലെത്തുന്ന കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്ക് നേതൃത്വം ഉണ്ടാക്കുന്നതിനോ തേച്ചുമിനുക്കുന്നതിനോ ഒരു സംവിധാനവുമില്ല. ജന്മനാ നേതൃഗുണമുള്ള കുറച്ചുപേര്‍ നല്ല ഭരണാധികാരികളായി രൂപാന്തരപ്പെടാറുണ്ടെന്നതു ശരിതന്നെ. എങ്കിലും ഭൂരിഭാഗവും അങ്ങനെയല്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ട്ടിക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കു സംഭവിച്ച ബലഹീനതയാല്‍ അതും വലിയ പ്രതിസന്ധിയിലാണ്. തൃശൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ലാസുകള്‍ ആരംഭിക്കുന്നുവെന്നു ടി.എന്‍ പ്രതാപന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും വരും തലമുറയില്‍ നേതൃപാടവം ആവശ്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ട്വന്റി 20 പ്രോഗ്രാമിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തരം ക്ലാസുകള്‍ ലഭിക്കുന്നത് താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമാണ്.
സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ക്കുതകുന്ന വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്ന പ്ലാറ്റോയുടെ വിദ്യാഭ്യാസചിന്തയുടെ പ്രസക്തി അവിടെയാണ്. അഭിരുചിക്കു പ്രാധാന്യം നല്‍കുന്ന പ്ലാറ്റോയുടെ വിദ്യാഭ്യാസചിന്തയാണ് അദ്ദേഹം ലോകത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയെന്നാണു ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകന്മാരിലൊരാളായ റൂസോ അഭിപ്രായപ്പെട്ടത്. 'സ്ഫടികം' സിനിമയില്‍ അത്ഭുതമണി കണ്ടുപിടിക്കുന്ന തോമസ് ചാക്കോയെ പിന്നീടു ക്രിമിനല്‍ പശ്ചാത്തലമുള്ള ആടു തോമയായി രൂപാന്തരപ്പെടുത്തുന്നതില്‍ ചാക്കോ മാഷെന്ന രക്ഷിതാവിനും അധ്യാപകനുമുള്ള പങ്കു വളരെ വലുതാണ്.
രാഷ്ട്രീയമെന്ന സ്വജനപക്ഷപാതത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെയും വേദിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കുട്ടികളുടെ അഭിരുചികള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ രക്ഷിതാക്കളും അധ്യാപകരും അവരുടെ ചിന്തകളും താല്‍പ്പര്യങ്ങളും അടിച്ചേല്‍പ്പിക്കുന്ന തരത്തിലേയ്ക്കു മാറ്റപ്പെടുന്ന കാലഘട്ടത്തില്‍ പ്ലാറ്റോയുടെ ആദര്‍ശരാഷ്ട്ര സങ്കല്‍പ്പത്തിനു പ്രസക്തി വര്‍ധിക്കുകയാണ്.

(തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസറും കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് മെംബറുമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago