മാര്‍ക്കുദാന വിവാദം ചെന്നിത്തല പറയുന്നത് പച്ചക്കള്ളമെന്ന് മന്ത്രി ജലീല്‍: പി.എ പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടില്ല, ഒപ്പിട്ടിട്ടില്ലെന്നാണ് പറഞ്ഞത്, പി.എക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിയമമില്ലെന്നും മന്ത്രി
കാസര്‍കോട്: മാര്‍ക്കുദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി കെ.ടി ജലീല്‍. രമേശ് ചെന്നിത്തല പറയുന്നതെല്ലാം പച്ചനുണയാണ്. പച്ച നുണ ആവര്‍ത്തിച്ചാല്‍ ശരിയാകുമെന്ന തരത്തിലാണ് അദ്ദേഹമത് ആവര്‍ത്തിക്കുന്നതെന്നും കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ പി.എ അദാലത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അദാലത്തില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പറഞ്ഞത്. പി.എക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിയമമില്ല.
അദാലത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടുകയോ യോഗത്തില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. ഒപ്പിട്ടതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നത്. മോഡറേഷന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മോഡറേഷന്‍ ഒരു കുട്ടിക്കല്ല ലഭിച്ചത്. 150ല്‍ അധികം കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഇനി മോഡറേഷന്‍ നല്‍കരുതെന്നാണ് ആവശ്യമെങ്കില്‍ അതു പറയണം. മോഡറേഷന്‍ തീരുമാനിച്ചത് അദാലത്തിലല്ല, സിന്‍ഡിക്കേറ്റിലാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിവാദം മാത്രമാണിത്. വീഴ്ചപറ്റിയെന്ന് സിന്‍ഡിക്കേറ്റ് അംഗം പറയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇനി മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി പുറത്തുവിട്ട ദൃശ്യങ്ങള്‍ എം.ജി.യൂണിവേഴ്‌സിറ്റി അദാലത്ത് നടക്കുമ്പോള്‍ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളാണ്. അതില്‍ പുതുമയില്ല. വിഷയത്തില്‍ എല്ലാ തരത്തിലുമുള്ള അന്വേഷണം നടക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും കെ.ടി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."