നൊബേലില്‍ കോര്‍ക്കാനാവാത്ത രണ്ടറ്റങ്ങള്‍
വിശ്വമാനവിക ഭാഷയ്ക്ക്
ഒരു പോളിഷ് മുഖം
ശബ്ദിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. അത് ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കും. സ്പഷ്ടമായ കാര്യങ്ങളെ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടുകയും ചെയ്യും. എന്റെ ജീവിതത്തില്‍ എന്തെങ്കിലും വിലപ്പെട്ട കാര്യം ഞാന്‍ പറഞ്ഞതായി തോന്നിയിട്ടില്ല. എല്ലാ വാക്കുകള്‍ക്കിടയിലും വലിയൊരു വിടവ് ഉണ്ടായതായി എനിക്ക് അനുഭവപ്പെടാറുണ്ട്'. ലോകത്ത് എല്ലായിടത്തുമായി ഫാസിസം അതിന്റെ വേരുകള്‍ വ്യാപിപ്പിക്കുമ്പോള്‍ ഓള്‍ഗ തൊക്കാര്‍സുക്ക് പറഞ്ഞ ഈ വാക്കുകള്‍ വളരെ പ്രസക്തമാണ്. 2018 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇത്തവണ ഓള്‍ഗയ്ക്ക് നല്‍കുമ്പോള്‍ അവരുടെ എഴുത്തിന് മാത്രമല്ല, പോരാട്ടത്തിന് കൂടിയുള്ള അംഗീകാരമാണ് അത്. ലൈംഗിക പീഡന വിവാദത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ഇത്തവണത്തേക്ക് മാറ്റിയത്. ഓള്‍ഗയുടെ ഫ്‌ളൈറ്റ്‌സ് എന്ന പുസ്തകത്തിനാണ് അംഗീകാരം നേടിക്കൊടുത്തത്. 2018ലെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരവും ഫ്‌ളൈറ്റ്‌സിനാണ് ലഭിച്ചത്.
നോവലിസ്റ്റിലേക്കുള്ള പ്രയാണം
ലോകസാഹിത്യത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വന്ന ഏറ്റവും മികച്ച നോവലുകളിലൊന്നായിട്ടാണ് ഫ്‌ളൈറ്റ്‌സ് വിലയിരുത്തപ്പെടുന്നത്. 116 ലഘു ഉപന്യാസങ്ങളായിട്ടാണ് ഈ നോവലിന്റെ ഭാഗങ്ങള്‍ തരംതിരിച്ചിരിക്കുന്നത്. പേരില്ലാത്ത ഒരു പെണ്‍ സഞ്ചാരി വിവരണം നടത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം. പുതിയ കാലത്തെ സഞ്ചാരത്തിന്റെ ദാര്‍ശനികമായ ധ്യാനം എന്നാണ് ഈ നോവലിന്റെ വിശേഷണം. പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാലത്തില്‍ കേന്ദ്രീകരിച്ചാണ് കഥ പറച്ചില്‍. ഇതിനായി ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും മാര്‍ഗങ്ങള്‍ തൊക്കാര്‍സുക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
രോഗാവസ്ഥയിലുള്ള ഹൈസ്‌കൂള്‍ കാമുകനെ വിഷം കൊടുത്ത് കൊല്ലാന്‍ വരുന്ന യുവതി, ഒരു ഒഴിവുകാലത്ത് സ്വന്തം ഭാര്യയും കുഞ്ഞും ദുരൂഹമായി കാണാതായ യുവാവ് ഭ്രാന്തിലേക്ക് വീഴുന്നതുമായ കഥാപാത്രങ്ങള്‍ ഒരുപക്ഷേ പുരുഷ കേന്ദ്രീകൃതമായ എഴുത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പോലും സാധിക്കില്ല. ഓള്‍ഗയുടെ കഥാപാത്രങ്ങള്‍ കരുത്തുറ്റതാവുന്നതും അതിന്റെ സ്വത്വബോധം കൊണ്ടുകൂടിയാണ്. 1989ല്‍ പോളിഷ് ഭാഷയിലൂടെയുള്ള എഴുത്തിലൂടെയാണ് ഓള്‍ഗ സാഹിത്യത്തിന്റെ മായാലോകത്തേക്ക് ഇറങ്ങുന്നത്. സിറ്റീസ് ഓഫ് മിറേഴ്‌സ്, ദ ജേണി ഓഫ് ദ ബുക്ക് പീപ്പിള്‍ എന്നിവ തുടക്കകാലത്തെ പുസ്തകങ്ങളാണ്. പ്രീമേവല്‍ ആന്‍ഡ് അദര്‍ ടൈംസ് എന്ന മൂന്നാമത്തെ നോവല്‍ 1996ല്‍ പുറത്തിറങ്ങിയതോടെ പ്രശസ്തിയുടെ കൊടുമുടി അവരെ തേടിയെത്തുകയായിരുന്നു. ഈ നോവല്‍ പോളണ്ടില്‍ വലിയ ജനപ്രീതി നേടുകയും വിറ്റഴിയുകയും ചെയ്തു.
അലയുന്ന മനുഷ്യരുടെ
അടയാളപ്പെടുത്തല്‍
ലോകത്ത് ഒന്നാകെ അഭയാര്‍ഥികളുടെ കുത്തൊഴുക്കുണ്ടാകുന്ന അവസ്ഥയില്‍, ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട് അലയുന്ന മനുഷ്യരെയാണ് ഓള്‍ഗ ഫ്‌ളൈറ്റ്‌സില്‍ അടയാളപ്പെടുത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള അഭിഭാഷകയായും സ്ത്രീകളുടെ ആഗോള ശബ്ദമായും ഓള്‍ഗ എഴുത്തിന്റെ വഴിക്കൊപ്പം മാറിയിരുന്നു. പോളണ്ടിലും ഫാസിസം വേരുറപ്പിക്കുന്നു എന്ന അവരുടെ വിളിച്ചുപറയലുകളും, രാഷ്ട്രീയ സാമൂഹ്യ നിലപാടുകളും ഓള്‍ഗ പോളിഷ് ജനതയ്ക്ക് പ്രിയങ്കരിയാക്കിയിരിക്കുകയാണ്.
ഓള്‍ഗയുടെ നൊബേല്‍ പുരസ്‌കാരത്തിന് പോളണ്ടില്‍ അത്ര നല്ല വരവേല്‍പ്പല്ല ലഭിച്ചത്. പാശ്ചാത്യ ഇടതു കക്ഷികള്‍ക്ക് ഇപ്പോഴത്തെ ദേശീയ ഭരണകൂടത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഓള്‍ഗ തൊക്കാര്‍സുക്കിന് നൊബേല്‍ ലഭിച്ചതെന്നാണ് വലതുപക്ഷ മാധ്യമപ്രവര്‍ത്തകനായ റഫാല്‍ സിംകിവിച്ച് പറഞ്ഞത്. നേരത്തെ തന്നെ പോളണ്ട് വളരെ ക്രൂരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഓള്‍ഗ പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. പ്രസാധകര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വരെ ഇവര്‍ക്കായി ഒരുക്കേണ്ടി വന്നു.
പോളണ്ടിന്റെ സാംസ്‌കാരിക മന്ത്രി പിയോതര്‍ ഗ്ലിന്‍സ്‌കി 'താര്‍ഗോവിക്‌സാനിന്‍' അഥവാ രാജ്യദ്രോഹി എന്നാണ് ഓള്‍ഗയെ വിശേഷിപ്പിച്ചത്. ഓള്‍ഗയുടെ എല്ലാ പുസ്തകങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സെന്‍സറിങ് നേരിടുന്ന വേളയിലാണ് അവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അത് പോരാട്ടത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. ജേക്കബ്‌സ് സ്‌ക്രിപ്‌ച്ചേഴ്‌സ് എന്ന അവരുടെ പുതിയ നോവലും രാഷ്ട്രീയം പറഞ്ഞത് കൊണ്ട് വെട്ടിത്തിരുത്തലുകളോ സെന്‍സര്‍ഷിപ്പുകളോ നേരിടാനാണ് സാധ്യത. എന്നാല്‍ ഓള്‍ഗയുടെ പോരാട്ടം ഇതുകൊണ്ടൊന്നും അവസാനിക്കില്ല. നാവാണ് മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആയുധം എന്ന ഓള്‍ഗയുടെ തന്നെ വാക്കുകള്‍ ഈ വേളയില്‍ പ്രസക്തമാണ്.
ഫാസിസത്തിന്
കിട്ടിയ കച്ചിത്തുരുമ്പ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം എക്കാലവും പൊതുശ്രദ്ധ നേടാറുള്ളതാണ്. ഇത്തവണ പക്ഷേ നൊബേല്‍ കമ്മിറ്റിക്ക് പിഴച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീ വിവേചനമില്ലാതെ, പുരുഷ കേന്ദ്രീകൃതമല്ലാത്ത പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും പിഴച്ചു. ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് ഇത്തവണത്തെ സാഹിത്യ നൊബേല്‍ നല്‍കിയതിലുള്ള പ്രതിഷേധം ലോകമെമ്പാടും അലയടിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയധികം പ്രതിഷേധങ്ങള്‍ ഉയരുന്നതെന്ന് സംശയം വന്നേക്കാം. ഹാന്‍ഡ്‌കെയുടെ എഴുത്തിനെ കുറിച്ച് ആര്‍ക്കും പരാതിയില്ല. എന്നാല്‍ അദ്ദേഹം പൊതുമധ്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ഫാസിസത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അതാണ് നൊബേല്‍ കമ്മിറ്റിയെ വിവാദത്തിലേക്ക് നയിച്ചതും.
ഫാസിസ്റ്റിലേക്കുള്ള പ്രയാണം
പഠനകാലത്ത് യുവനിരയിലള്ള എഴുത്തുകാരുടെ കൈയ്യെഴുത്ത് പ്രതിയിലെഴുതിയാണ് ഹാന്‍ഡ്‌കെ വളര്‍ന്നത്. ദ ഹോര്‍നറ്റ്‌സ് എന്ന ഹാന്‍ഡ്‌കെയുടെ നോവല്‍ വലിയൊരു പ്രസാധക കമ്പനി പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം പഠനം ഉപേക്ഷിച്ച് എഴുത്തിന്റെ ലോകത്തേക്ക് തിരിയുകയായിരുന്നു. ഒഫന്‍ഡിങ് ദ ഓഡിയന്‍സ് എന്ന അദ്ദേഹത്തിന്റെ നാടകം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദ ലെഫ്റ്റ് ഹാന്‍ഡഡ് വുമണ്‍ എന്ന ചലച്ചിത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അദ്ദേഹം വിശ്വസാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി മാറി. 1996ലാണ് ഹാന്‍ഡ്‌കെ വിവാദ പുരുഷന്റെ റോളിലേക്ക് മാറുന്നത്.
എ ജേണി ഓഫ് ദ റിവേഴ്‌സ്: ജസ്റ്റിസ് ടു സെര്‍ബിയ എന്ന യാത്രാ വിവരണം അദ്ദേഹത്തെ കുപ്രസിദ്ധനാക്കി. സെര്‍ബിയ യൂഗോസ്ലാവ് യുദ്ധത്തിന്റെ ഇരയാണെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തി കാണിച്ചത്. പാശ്ചാത്യ മാധ്യമങ്ങള്‍ യുദ്ധത്തിന്റെ കാരണങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ഹാന്‍ഡ്‌കെ വിമര്‍ശിച്ചിരുന്നു. 2000ത്തില്‍ യൂഗോസ്ലാവിയയുടെ മുന്‍ പ്രസിഡന്റും, യുദ്ധകുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്ന സ്ലോബോഡന്‍ മിലോസെവിച്ചിനെ പിന്തുണച്ച് ഹാന്‍ഡ്‌കെ രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. 2006ല്‍ മിലോസെവിച്ചിന്റെ ശവസംസ്‌കാര ചടങ്ങില്‍ ഹാന്‍ഡ്‌കെയുടെ സ്തുതിപാടല്‍ അദ്ദേഹത്തെ ഫാസിസ്റ്റായി മുദ്ര കുത്തപ്പെടുത്തുന്നതിനും കാരണമായി.
യുദ്ധക്കുറ്റവാളികളുമായി ഹാന്‍ഡ്‌കെയ്ക്ക് പങ്കുണ്ടെന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങളും കുറ്റപ്പെടുത്തുന്നത്. ബാല്‍ക്കന്‍ യുദ്ധത്തില്‍ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ക്രൂരതയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഹാന്‍ഡ്‌കെ. മിലോസെവിച്ചിന്റെ ഭരണത്തില്‍ അല്‍ബേനിയന്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു. അതേസമയം ഭാഷാപരമായ മികവിനെ സാഹിത്യത്തിലൂടെ ഔന്നത്യത്തിലെത്തിച്ചതാണ് ഹാന്‍ഡ്‌കെയുടെ സംഭാവനയെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തുന്നു. പക്ഷേ ഏകാധിപത്യ ഭരണകൂടത്തോടുള്ള അടുപ്പം ഹാന്‍ഡ്‌കെയുടെ നേട്ടത്തിലെ കറുത്ത അടയാളമാണ്.
ഫാസിസത്തിന്റെ വാഴ്ത്തുപാട്ടുകാരന്‍
ഇത്രയൊക്കെയാണെങ്കിലും സാഹിത്യത്തിന്റെ സര്‍വ മേഖലയിലും അറിയപ്പെടുന്ന എഴുത്തുകാരനാണ് ഹാന്‍ഡ്‌കെ. ഷോര്‍ട്ട് ലെറ്റര്‍, ടില്‍ ഡേ യു ഡു പാര്‍ട്ട് ഓര്‍ എ ക്വസ്റ്റിയന്‍ ഓഫ് ലെറ്റ് ആന്‍ഡ് സ്ലോ ഹോംകമിങ് എന്നിവ പ്രശസ്തമായ കൃതികളാണ്. നല്ല ഉള്‍ക്കാഴ്ചയുള്ള എഴുത്തുകാരനാണ് ഹാന്‍ഡ്‌കെയെന്ന് പ്രമുഖ സാഹിത്യകാരന്‍ ഹാരി കുന്‍സ്രു പറയുന്നു. എന്നാല്‍ രാഷ്ട്രീയ നേതാക്കളെ മനുഷ്യാവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കേണ്ടവരുടെ നിരയിലല്ല ഹാന്‍ഡ്‌കെയുടെ ഇരിപ്പിടമെന്നും ഹാരി പറയുന്നു. സ്രെബ്രെനിക വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹാന്‍ഡ്‌കെയുടെ നൊബേല്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2014ല്‍ ഇബ്‌സന്‍ പുരസ്‌കാരം ലഭിച്ചപ്പോഴും പ്രതിഷേധം ശക്തമായുണ്ടായിരുന്നു.
മിലോസെവിച്ചിനെ പിന്തുണച്ചതിന് ഇതുവരെ മാപ്പുപറയാന്‍ പോലും ഹാന്‍ഡ്‌കെ തയ്യാറായിട്ടില്ല. യു.എന്‍ അടക്കം മിലോസെവിച്ചിന് പിഴവുകള്‍ സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമായിരുന്നുവെന്നും ദുരന്തപൂര്‍ണമായിരുന്നുവെന്നും ശവസംസ്‌കാര വേളയില്‍ ഹാന്‍ഡ്‌കെ വൈകാരികമായി പറഞ്ഞിരുന്നു. മിലോസെവിച്ച് തനിക്ക് വേണ്ടി സാക്ഷിപറയാന്‍ കരുതിയിരുന്നത് ഹാന്‍ഡ്‌കെയെ ആയിരുന്നു. ഇതെല്ലാം ഹാന്‍ഡ്‌കെയുടെ ജീവിതത്തെ ഫാസിസവുമായി കൂട്ടിയിണക്കാന്‍ ധാരാളമാണ്. നൊബേല്‍ പുരസ്‌കാരത്തില്‍ പ്രതിഷേധം വെറുതെ വന്നതല്ല എന്നും ഇതിലൂടെ ഉറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."