കേരള ഫാര്‍മസി കൗണ്‍സില്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന്
തൃശൂര്‍: കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലില്‍ വ്യാപകമായ അഴിമതിയും വോട്ടെടുപ്പില്‍ വരേ തിരിമറിയും നടക്കുന്നതിനാല്‍ ഫാര്‍മസി കൗണ്‍സില്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫാര്‍മസി കൗണ്‍സിലിലേക്ക് മല്‍സരിച്ച സ്ഥാനാര്‍ഥി ചേലക്കര സ്വദേശി സി വി ഈനാശു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2013 ല്‍ കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചുപേരെ കേരള സര്‍ക്കാരും ഹൈക്കോടതിയും ഇടപെട്ട് റദ്ദ് ചെയ്തിട്ടുള്ളതാണ്.
ഫാര്‍മസി കൗണ്‍സിലില്‍ തിരഞ്ഞെടുപ്പിലും നടത്തിപ്പിലും വ്യാപക ക്രമക്കേട് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഈ നടപടി. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ബോധ്യപ്പെട്ടതിനാല്‍ നിലവിലെ പോസ്റ്റല്‍ ബാലറ്റ് രീതി റദ്ദാക്കി അതാത് ജില്ലകളിലുള്ള ഡ്രഗ് കണ്ട്രോളര് ഓഫീസുകള്‍ കേന്ദ്രീകരിച്ച് അംഗങ്ങള്‍ക്ക് പോളിംഗ് നടത്തുന്നതിനും ജില്ലാ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.
അതേസമയം ഫാര്‍മസി കൗണ്‍സിലിലെ സാമ്പത്തിക അഴിമതികളെ സംബന്ധിച്ച് ഈനാശു വിജിലന്‍സില്‍ നല്കിയ പരാതി പരിഗണനയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത 5 അംഗങ്ങള്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും ഇവരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ അഡൈ്വസറി കമ്മിറ്റിയെ ചുമതലപ്പെടുത്തിയ ശേഷം 11 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഈനാശു ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കെ ശിവകുമാര്‍ പഴയന്നൂര്‍, മോഹന്‍ കെ ഒറ്റപ്ലാക്കല്‍, എന്‍ കെ പിള്ള തൃശൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."