കാസര്‍കോട് മതം മാറിയ യുവാവിന്റെ മൃതദേഹം കിണറ്റില്‍, കൊലയാണെന്ന് സംശയം
കാസര്‍കോട്: മതം മാറിയ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. സംഭവം കൊലയാണെന്ന സംശയം ഉയര്‍ന്നതോടെ പൊലിസ് അന്വേഷണം തുടങ്ങി. കാസര്‍കോട് ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍, പ്രമീള എന്ന ഫമീന എന്നിവരുടെ മകന്‍ ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണ് ആനക്കാലിലെ ദിനേശ് ബീഡി കമ്പനിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് പൊലിസ് പറഞ്ഞു. മൃതദേഹത്തിന്റെ തല വേര്‍പെട്ട നിലയിലായിരുന്നു. വെള്ളം വറ്റിച്ച് ഇത് കണ്ടെടുക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ചെട്ടുംകുഴിയിലെ ഒരു വിവാഹ വീട്ടില്‍ വച്ച് സുഹൃത്തുക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ കാലിനു പിന്നില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും കാലിന്റെ അസ്ഥിയില്‍ സ്റ്റീല്‍ ഇടുകയും ചെയ്തിരുന്നു. ഇതിനു പുറമെ യുവാവ് ധരിച്ച മൂന്ന് സ്റ്റീല്‍ മോതിരവും കൈവിരലുകളിലുണ്ടായിരുന്നു. ഇവകള്‍ കണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭര്‍ത്താവും തിരിച്ചറിഞ്ഞത്.
എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുന്‍പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിന് വേണ്ടി കഴിഞ്ഞ മാസം നാട്ടിലെത്തിയതായി പറയുന്നു.
തുടര്‍ന്ന് സെപ്റ്റംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയ ഷാനവാസിനെ കാണാതായതായാണ് സഹോദരീ ഭര്‍ത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. അതേസമയം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു.
ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭര്‍ത്താവും ആരോപിക്കുന്നു. ഷാനവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 27ന് വിദ്യാനഗര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."