കെ.ബി.പി.എസില്‍ ഫാന്‍ പൊട്ടി വീണ് രണ്ട് വനിത തൊഴിലാളികള്‍ക്ക് പരുക്ക്
കാക്കനാട് : കെ.ബി.പി.എസില്‍ ഫാന്‍ പൊട്ടി വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്. ലോട്ടറി സെക്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം. കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ പൊട്ടി വീഴുകയായിരുന്നു. കരാര്‍ തൊഴിലാളികളായ പ്രീതി, ആതിര എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ഉടന്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരുക്കേറ്റ തൊഴിലാളികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ജോലി സ്ഥലത്ത് തൊഴില്‍ സുരക്ഷ ഉറപ്പാക്കത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ രണ്ട് മണിക്കൂറേളം ജോലിയില്‍ നിന്നും വിട്ട് നിന്ന് പ്രതിഷേധിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘടിപ്പിച്ച ഫാനുകള്‍ ഹുക്ക് ദ്രവിച്ച് അപകാവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് ലോട്ടറി സെക്ഷനിലെ മുഴുവന്‍ ഫാനുകളും വൈകുന്നേരം മാറ്റി സ്ഥാപിക്കാമെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.
നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫാനുകളാണ് മിക്ക പ്ലാന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെ.ബി.പി.എസില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. മാനേജ്‌മെന്റിനെതരേ സംസാരിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് ഭയന്നാണ് തൊഴിലാളികള്‍ ജോലിയെടുക്കുന്നത്.
ഇത് കൂടാതെ സൂപ്പര്‍വൈസര്‍മാരുടെയും അസി.മാനേജര്‍മാരുടെയും പീഡനവും അസഹനിയമാണെന്ന് തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളോട് പറഞ്ഞു. 10 മുതല്‍ 12 വര്‍ഷമായി കരാര്‍ വ്യവസ്ഥയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുമുണ്ട്. സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെ.ബി.പി.എസിലെ താല്‍കാലിക തൊഴിലാളികള്‍ക്ക് ബാധക മാക്കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."