മന്ത്രി കെ.ടി ജലീലിനെതിരേ തിരൂരില്‍ വീണ്ടും കരിങ്കൊടിയും ചീമുട്ടയേറും
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരേ തിരൂരില്‍ വീണ്ടും യൂത്ത് ലീഗ് -എം.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ശക്തമായ പ്രതിഷേധമുണ്ടായത്. മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ ചീമുട്ടയും കല്ലും ചെരിപ്പുമെറിഞ്ഞു. തിരൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ രാവിലെ 10ന് മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധത്തിന് തുടക്കം.
കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ചവരെ പൊലിസ് ബലംപ്രയോഗിച്ച് നീക്കി. രാജിവച്ച് പുറത്തുപോകൂവെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. മന്ത്രി മലയാള സര്‍വകലാശാലയിലേക്ക് എത്തിയപ്പോള്‍ അവിടെയും പ്രതിഷേധം തുടര്‍ന്നു. കേരള ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മലയാള സര്‍വകലാശാലയിലെ പ്രതിഷേധം. മന്ത്രി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നേരത്തെ തന്നെ എത്തി ഊഴം കാത്തിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രി പ്രസംഗിക്കുന്ന ഡയസിന് മുന്നിലേക്കെത്തി കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ശക്തമായ പ്രതിഷേധമുണ്ടായി.
വാക്കാട് മേഖലയില്‍ സര്‍വകലാശാല പ്രവേശനകവാട പരിസരത്ത് സംഘടിച്ച യൂത്ത് ലീഗ് -എം.എസ്.എഫ് പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചീമുട്ടയും കല്ലും ചെരിപ്പുമെറിഞ്ഞു. വന്‍ പൊലിസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമായതോടെ നേരിയ സംഘര്‍ഷവുമുണ്ടായി. ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റു.
സര്‍വകലാശാലയ്ക്കകത്തു കയറി മന്ത്രിക്ക് നേരെ അതിക്രമം കാട്ടിയെന്ന കുറ്റമാരോപിച്ച് അഞ്ച് എം.എസ്.എഫ് പ്രവര്‍ത്തകരെ തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എം.പി മജീദ്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് എം.പി റാഫി, മംഗലം പഞ്ചായത്തംഗവും യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ അല്‍ത്താഫ് ഹുസൈന്‍, കളരിക്കല്‍ ജലീല്‍ തുടങ്ങിയവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പൊലിസുകാരായ സുഫൈല്‍, ശരത് എന്നിവര്‍ക്കും പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 25ലധികം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."