ഇനി പരസ്യ പോര്‍വിളി ഇല്ല മാനന്തവാടിയിലെ സി.പി.എം - സി.പി.ഐ പോര്: ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം
മാനന്തവാടി: എല്‍.ഡി.എഫ് നേതൃത്വത്തിന് തലവേദനയായി മാനന്തവാടിയില്‍ നിലനിന്നിരുന്ന സി.പി.ഐ-സി.പി.എം പോരിന് താല്‍ക്കാലിക വിരാമം. ഇരുവിഭാഗവും യോജിച്ചു പോകാന്‍ മാനന്തവാടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി.
കാലങ്ങളായി മുന്നണിയിലെ പ്രബലര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നെങ്കിലും നഗരത്തിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇതു മറനീക്കി പുറത്തുവന്നത്. എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ ഭരണസമിതി വന്‍കിട കച്ചവടക്കാരെ സംരക്ഷിച്ച് വഴിയോരക്കച്ചവടക്കാരെയും മറ്റു ചെറുകിട വ്യാപാരികളെയും വഴിയാധാരമാക്കുന്നെന്നായിരുന്നു സി.പി.ഐയുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നവംബര്‍ മൂന്നിനു സി.പി.ഐ മാനന്തവാടി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞിരുന്നു.
ഇത് സംഘര്‍ഷത്തിനു കാരണമായി. അന്ന് മാര്‍ച്ച് തടസപ്പെട്ടിരുന്നെങ്കിലും പിറ്റേ ദിവസം പൂര്‍വാധികം ശക്തിയോടെ സി.പി.ഐ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ മുന്നണി ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.
ഈ സംഘര്‍ഷത്തിനു ശേഷം മാനന്തവാടിയില്‍ എല്‍.ഡി.എഫ് നടത്തുന്ന സമരങ്ങളിലൊന്നും സി.പി.ഐ പങ്കെടുത്തിരുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മാനന്തവാടിയില്‍ എല്‍.ഡി.എഫ് നടത്തിയ ആഘോഷ പരിപാടികളിലും സി.പി.ഐ വിട്ടു നിന്നിരുന്നു.
മുന്നണിയിലെ പ്രബലര്‍ തമ്മിലുള്ള പടലപ്പിണക്കം പരിഹരിക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ ഇടപെട്ടുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് കളമൊരുങ്ങിയത്.
ചര്‍ച്ചയില്‍ പരസ്യമായി പോര്‍വിളികള്‍ നടത്താതെ അഭിപ്രായ ഭിന്നത എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
മുന്നണിയിലെ മറ്റു കക്ഷികളോട് സി.പി.എം അഭിപ്രായം തേടുന്നില്ലെന്ന ആേക്ഷപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ നടത്തുന്ന പ്രധാന കാര്യങ്ങളില്‍ സി.പി.ഐ ഉള്‍പ്പെടെ എല്‍.ഡി.എഫിലെ മറ്റു ഘടക കക്ഷികളുടെയും അഭിപ്രായം തേടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതോടെ കാലങ്ങളായി നിലനിന്നിരുന്ന പോരിനാണ് വിരാമമായിരിക്കുന്നത്.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.എ മുഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഇ.ജെ ബാബു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.വി സഹദേവന്‍, മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം വര്‍ക്കി, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.കെ ശശിധരന്‍, മാനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."