എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മരിച്ചില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫിയെടുത്ത് അയയ്ക്കണമെന്ന നിര്‍ദേശം: വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
സ്വന്തം ലേഖകന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മരിച്ചില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫിയെടുത്ത് അയക്കണമെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ വ്യാപക പ്രതിഷേധം. അങ്കണവാടി വര്‍ക്കര്‍മാര്‍ ദുരിതബാധിതരെ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചോ അങ്കണവാടികളില്‍ വിളിച്ചുവരുത്തിയോ സെല്‍ഫിയെടുത്ത് അയക്കണമെന്നാണ് നിര്‍ദേശം.
എന്‍ഡോസള്‍ഫാന്‍ സെല്ലാണ് വിചിത്രമായ ഈ നിര്‍ദേശം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് നല്‍കിയത്. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സെല്‍ഫിയെടുത്ത് അയക്കണമെന്ന് നിര്‍ദേശിച്ചുവെന്നാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ വിശദീകരിക്കുന്നത്. രോഗി മരിച്ചുകഴിഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ഇത് കണ്ടെത്താനാണ് സെല്‍ഫിയെടുത്ത് അയക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അധികൃതരുടെ നിര്‍ദേശത്തിനെതിരേ ഇരകളുടെ കുടുംബങ്ങളും ആക്ഷന്‍ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍മാര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി ഇരകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഇന്നലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധ സംഗമം നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ അമ്മ സി.വി നളിനി ചടങ്ങിന്റെ സെല്‍ഫി എടുത്തുകൊണ്ടാണ് പ്രതിഷേധ സംഗമം ആരംഭിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു.
എന്‍ഡോസര്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ശിവകുമാര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
അതിനിടെ, സെല്‍ഫിയെടുക്കണമെന്ന അധികൃതരുടെ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുളിയാര്‍ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വരഹിതവും ദുരിതബാധിതരെ പച്ചയായി അപമാനിക്കുന്നതിന് തുല്യവുമാണിത്.
മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫി എടുത്തയക്കേണ്ട ഗതികേട് ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇത്തരം ഉത്തരവുകളിറക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരന്തരം പീഡിപ്പിക്കുകയാണ് ജില്ലാ ഭരണകൂടമെന്നും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ബി.സി കുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹസൈന്‍ നവാസ്, കെ.ബി മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ശരീഫ് കൊടവഞ്ചി, ബി.കെ ശാഫി, സിദ്ധിക്ക് ബോവിക്കാനം സംസാരിച്ചു.
അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിന് കഴിയുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സെല്ലിന്റെ കെടുകാര്യസ്ഥത കൊണ്ട് ഇക്കഴിഞ്ഞ ഓണത്തിന് മുന്‍പ് പെന്‍ഷന്‍ മുടങ്ങിയിരുന്നു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് സെല്ലിലുള്ളതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."