കലുഷിത കാലത്ത് പ്രവാചക ചര്യ ജീവിതത്തിന്റെ ഭാഗമാക്കണം: ഹൈദരലി തങ്ങള്‍ പുണ്യ റബീഇന്റെ വരവറിയിച്ച് മലപ്പുറത്ത് മീലാദ് വിളംബര റാലി
മലപ്പുറം: കലുഷിത കാലഘട്ടത്തില്‍ പ്രവാചക ചര്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാചക ജീവിതത്തിന്റെ കാരുണ്യ സന്ദേശത്തെ തൊടാന്‍ പുണ്യറബീഇന്റെ വരവറിയിച്ച് നടത്തിയ സമസ്ത മീലാദ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് മീലാദ് വിളംബര റാലി നടന്നത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍വവും മലിനമായ കാലത്ത് മനുഷ്യത്വവും മലിനപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ നബി തങ്ങളുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസ്‌ലിയാര്‍ മീലാദ് സന്ദേശം നല്‍കി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതം പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമസ്തയുടെ നേതൃത്വത്തില്‍ മീലാദ് വിളംബര റാലികള്‍ നടന്നു.
കരുണയാണ് തിരു നബി എന്ന പ്രമേയത്തില്‍ നടന്ന റാലിയിലും തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
വൈകീട്ട് നാലരയോടെ മലപ്പുറം എം.എസ്.പി പരിസരത്ത് നിന്നാണ് റാലിക്കു തുടക്കമായത്. ജില്ലയിലെ മുദര്‍രിസുമാര്‍,ഖതീബുമാര്‍, മദ്‌റസ മുഅല്ലിംങ്ങള്‍, മഹല്ലു ഭാരവാഹികള്‍, മുതഅല്ലിംകള്‍, ആമില,വിഖായ അംഗങ്ങള്‍ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു. പ്രവാചക സ്‌നേഹത്തേയും മാനവ സാഹോദര്യത്തിന്റെയും മധുര സന്ദേശം കൈമാറിയ റാലി മലപ്പുറം നഗരവിഥിയിലൂടെ കടന്ന് കിഴക്കേതല സുന്നീമഹല്‍ പരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."