താനൂരിലെ കൊലപാതകം വ്യക്തമായ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; സഭ സ്തംഭിച്ചു
പി. ജയരാജന്‍ മരണത്തിന്റെ ദൂതനെന്ന് ചെന്നിത്തല; പ്രതിരോധിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം വ്യക്തമായ ഗൂഢാലോചനയോടെയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. പി. ജയരാജന്‍ അവിടെ സന്ദര്‍ശിച്ചതിനു ശേഷമാണ് താനൂര്‍ കൊലപാതകം നടന്നതെന്നും പി.ജയരാജന്‍ മരണത്തിന്റെ ഏജന്റാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നടപടികള്‍ തടസപ്പെട്ട സാഹചര്യത്തില്‍ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ അടിയന്തര പ്രമേയത്തിന്മേലാണ് താനൂരിലെ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാക്കിന്റെ കൊലപാതകം ചര്‍ച്ചയായത്. സമാധാനത്തിലൂടെ വളരാന്‍ കഴിയില്ലെന്നതുകൊണ്ട് അക്രമം തന്നെയാണ് ഇവരുടെ രീതിയെന്ന് മുനീര്‍ പറഞ്ഞു. പി. ജയരാജന്‍ താനൂരില്‍ വന്നതിനു ശേഷം വാട്‌സ്ആപ്പിലൂടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. ഒരു പെറ്റിക്കേസില്‍ പോലും പ്രതിയാകാത്ത ആളാണ് കൊല്ലപ്പെട്ടത്. കൊല നടന്നതിനു ശേഷവും കലക്ടര്‍ സമാധാന ചര്‍ച്ച വിളിച്ചില്ല. പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള മുനീറിന്റെ പ്രസംഗത്തെ തുടര്‍ന്ന് സ്ഥലം എം.എല്‍.എയായ വി.അബ്ദുറഹ്മാന് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കി. ഇതിനെതിരേ പ്രതിപക്ഷം രംഗത്തുവന്ന് സ്പീക്കറുടെ ഡയസിനു മുന്നില്‍ ബഹളം വച്ചു. പള്ളിയില്‍ നടന്ന കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ കൊല നടന്നിട്ടില്ലെന്നും സി.പി.എമ്മിന് ബന്ധമില്ലെന്നും താനൂരിലെ അക്രമം ലീഗ് നിര്‍ത്തണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടത് മുസ്‌ലിം ലീഗുകാരനാണെന്നു പറഞ്ഞ മുഖ്യമന്ത്രി കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ രാഷ്ട്രീയംകൂടി പറയേണ്ടതായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷമുള്ള 32ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് താനൂരില്‍ നടന്നത്.
ഒരു പ്രകോപനവുമില്ലാതെയാണ് കൊല നടത്തിയത്. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുയാണ്. ആ പാര്‍ട്ടിയെ തിരുത്താനാണ് മുഖ്യമന്ത്രി തയാറാകേണ്ടത്. പി.ജയരാജന്‍ അവിടം സന്ദര്‍ശിച്ചതിനുശേഷം കൗണ്ട്ഡൗണ്‍ നടത്തിയാണ് കൊല നടത്തിയത്.
പി.ജയരാജന്‍ മരണത്തിന്റെ ദൂതനായി മാറുകയാണോ എന്നു ചോദിച്ച ചെന്നിത്തല, കൊലപാതകത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതുകൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഗുരുതരമായ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടും പി.ജയരാജനെ സംരക്ഷിക്കുന്നതിനു മുഖ്യമന്ത്രി തയാറായില്ല എന്നത് ശ്രദ്ധേയമായി.
സര്‍ക്കാര്‍ നടത്തുന്ന എല്ലാ സമാധാനശ്രമങ്ങളോടും സഹകരിക്കുമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് കൊലയ്ക്കു കാരണം സര്‍ക്കാരിന്റെയും പൊലിസിന്റെയും സമീപനമാണെന്നും ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബാനറുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.
പ്രത്യേക സംഘം
അന്വേഷിക്കും
'' താനൂരിലേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നത്. സമാധാന ചര്‍ച്ച വിളിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും. പ്രത്യേക സംഘം കേസ് അന്വേഷിക്കും.
പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍നിന്ന് ഇടപെടല്‍ ഉണ്ടാകണം. സമാധാന ചര്‍ച്ചയ്ക്കു ശേഷവും താനൂരില്‍ സംഭവങ്ങളുണ്ടായി. അതേക്കുറിച്ച് എല്ലാവരും ആലോചിക്കണം.''
(മുഖ്യമന്ത്രി പിണറായി വിജയന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."