അറബനയില്‍ ക്രസന്റിന്റെ മധുരപ്രതികാരം
തോമാട്ടുചാല്‍: ഹൈസ്‌കൂള്‍ വിഭാഗം അറബനമുട്ടില്‍ പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിന്റെ മധുരപ്രതികാരം.
ഉപജില്ലയില്‍ തങ്ങളെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയ വിധികര്‍ത്താക്കള്‍ക്കുള്ള മറുപടിയായാണ് ക്രസന്റിന്റെ കുട്ടികള്‍ ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയത്. ഇക്കഴിഞ്ഞ ഉപജില്ലാ കലോത്സവത്തില്‍ മാനന്തവാടി ഉപജില്ലയില്‍ ക്രസന്റിന് മൂന്നാംസ്ഥാനമായിരുന്നു ലഭിച്ചത്. ഇതോടെ കുട്ടികളും അധ്യാപകരും അപ്പീലുമായി ഡി.ഡി.ഇയുടെ മുന്നിലെത്തി. എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ ഇവര്‍ക്ക് അനുകൂലമായിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച കുട്ടികള്‍ക്ക് ജില്ലയില്‍ മത്സരിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. കോടതി നല്‍കിയ ഊര്‍ജത്തില്‍ കൊട്ടിക്കയറിയ കുട്ടികള്‍ വേദിയില്‍ തകര്‍ത്താടിയപ്പോള്‍ ജില്ലയിലെ ഒന്നാംസ്ഥാനവും എ ഗ്രേഡും അവര്‍ക്കൊപ്പം പോയി. ഇതോടെ ഉപജില്ലയിലെ തങ്ങളെ പിന്നിലാക്കിയവര്‍ക്കും അപ്പീല്‍ പരഗണിക്കാത്തവര്‍ക്കും മുന്നില്‍ തലയുയര്‍ത്തി മടങ്ങാനും കുട്ടികള്‍ക്കായി. പത്താംതരം വിദ്യാര്‍ഥികളായ സി.കെ അര്‍ഷക് മുന്ന, മുഹമ്മദ് ഫിസാന്‍, മുഹമ്മദ് സിദാന്‍, സംജിദ്, സഹല്‍, കെ. മുഹമ്മദ്, മുഹമ്മദ് അമീന്‍, മുഹമ്മദ് റിഷാന്‍, അദീം നിഹാല്‍ എന്നിവരാണ് ഇല്യാസ് കാപ്പാടിന്റെ ശിക്ഷണത്തില്‍ വിജയം നേടിയത്. ഇതേ കുട്ടികള്‍ കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ ദഫ്മുട്ടിലായിരുന്നു മാറ്റുരച്ചത്. അന്നും ഇവര്‍ക്കൊപ്പമായിരുന്നു വിജയം. തൃശൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഇവരുടെ ദഫ് ടീമിനായിരുന്നു മൂന്നാംസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."