കശ്മിര്‍ നിയമസഭ പിരിച്ചുവിട്ടു,വിശാലസഖ്യത്തെ 'തടഞ്ഞ് ' ഗവര്‍ണര്‍
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ബദ്ധവൈരികളായ പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കാന്‍ തീരുമാനിച്ചതിന്റെ തൊട്ടുപിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടു. ഇന്നലെ വൈകിട്ടാണ് നിയമസഭ പിരിച്ചുവിട്ടു ഗവര്‍ണര്‍ അപ്രതീക്ഷിത നീക്കം നടത്തിയത്.
ബി.ജെ.പിക്കെതിരേ സംസ്ഥാനത്തു പുതിയ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് വിശാല സഖ്യത്തിന് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തയാറായത്. ഇപ്പോള്‍ കേന്ദ്രഭരണത്തിലായ സംസ്ഥാനത്തെ മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്നു ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കിയെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗവര്‍ണറെ അഭിസംബോധന ചെയ്ത് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
മറ്റു പാര്‍ട്ടികളിലെ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തടയിട്ടാണ് വിശാല സഖ്യത്തിന് അരങ്ങൊരുക്കിയിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 56 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് മെഹബൂബ ആവകാശപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന സജ്ജാദ് ലോണിന്റെ ജമ്മുകശ്മിര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ബി.ജെ.പിയുടെ 25 പേരും മറ്റ് 18 എം.എല്‍.എമാരും പിന്തുണയ്ക്കുമെന്നായിരുന്നു സജ്ജാദ് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ വിശാല സഖ്യത്തെ മറികടക്കാനായി സംസ്ഥാന ഗവര്‍ണര്‍ ഭരണഘടനയിലെ 53ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ നിയമ സഭ പിരിച്ചുവിടുകയായിരുന്നു. ആറു മാസത്തെ കേന്ദ്രഭരണ കാലാവധി അടുത്ത മാസം 19ന് അവസാനിക്കാനിരിക്കേയാണ് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയത്. നിയമസഭയില്‍ പി.ഡി.പിക്ക് 29ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം അംഗങ്ങളുണ്ട്. ഭരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ മതിയെന്നതിനാല്‍ ബി.ജെ.പിക്കെതിരേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ മൂന്നു കക്ഷികളും ചേര്‍ന്നാല്‍ സാധിക്കും.
പി.ഡി.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനും ചര്‍ച്ചയില്‍ ധാരണയായിരുന്നു. സംഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായും താമസിയാതെ സംസ്ഥാനത്തു പുതിയൊരു വാര്‍ത്ത കേള്‍ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും ഗവര്‍ണറുടെ നടപടിയുടെ ഭാഗമായി ഇനി സംസ്ഥാനത്ത് പുതിയതായി തെരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായിരിക്കുകയാണ്.
ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത നടപടിയാണ് ഗവര്‍ണര്‍ കൈകൊണ്ടതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യമാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."