ചക്കരക്കല്‍ മാലമോഷണക്കേസ്; പ്രതിയെ കുടുക്കിയത് താജുദീന്റെ മകന്റെ അന്വേഷണം
കണ്ണൂര്‍: വിവാദമായ ചക്കരക്കല്‍ മാലപൊട്ടിക്കല്‍ കേസില്‍ നിയമവും നീതിയും നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മറന്നതോടെ അറസ്റ്റിലായ താജുദീന്റെ നിരപരാധിത്വവും കുടുംബത്തിന്റെ മാനവും കാക്കാന്‍ രംഗത്തിറങ്ങിയത് മകനും കൂട്ടുകാരും. അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചക്കരക്കല്‍ എസ്.ഐ പി. ബിജു സ്‌കൂട്ടറില്‍ സഞ്ചരിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷനും വാഹനത്തെക്കുറിച്ചുള്ള അന്വേഷണവും കതിരൂരില്‍ അവസാനിപ്പിച്ചപ്പോള്‍ കേസില്‍ ആദ്യം അറസ്റ്റിലായ കതിരൂരിലെ താജുദീന്റെ മകന്‍ മുഹമ്മദ് തെസിനും കൂട്ടുകാരും തുടര്‍ന്നുള്ള വാഹനത്തിന്റെ സഞ്ചാരവും മൊബൈല്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. വാഹനം പോകുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ അഴിയൂര്‍, മാഹി പ്രദേശങ്ങളില്‍നിന്നു ലഭിച്ചു. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചു. ജസ്റ്റിസ് ഫോര്‍ താജുദീന്‍ എന്നപേരില്‍ താജുദീന്റെ ഗള്‍ഫിലെ സുഹൃത്തുക്കള്‍ രൂപീകരിച്ച ഫേസ്ബുക്ക് കൂട്ടായ്മയില്‍ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച പ്രതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇതുകണ്ട ഗള്‍ഫിലെ താജുദീന്റെ സുഹൃത്തും അഴിയൂര്‍ സ്വദേശിയുമായ ഷംജിയാണു ചിത്രത്തില്‍ കാണുന്നതു ശരത് വത്സരാജാണെന്ന സംശയം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മങ്കട പൊലിസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് മനസിലായി. തുടര്‍ന്നു പി.ടി. ഇബ്രാഹിം എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഷാഹുലിന്റെ സഹായത്തോടെ പ്രതിയെന്നു സംശയിക്കുന്ന ശരത്തിന്റെ മൊബൈല്‍ നമ്പറും ഫേസ്ബുക്ക് അക്കൗണ്ടും മനസിലാക്കി. ഫേസ്ബുക്കില്‍ നിന്നാണ് വളയിട്ടതും ഇടതുകൈയില്‍ വാച്ചും ധരിച്ച് നെറ്റിയില്‍ കലകളുള്ള ശരത്തിനെ തിരിച്ചറിയുന്നത്. സി.സി ടി.വിയിലെ ചിത്രത്തിലെയും ഫേസ്ബുക്കിലെ ഫോട്ടോയിലെയും സാമ്യം മനസിലാക്കിയ താജുദീന്റെ കുടുംബം പ്രതിയുടെ പേരും വച്ച് ഡി.ജി.പിക്കു നേരിട്ടു പരാതിയും നല്‍കി. ഇക്കാര്യങ്ങളെല്ലാം കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദനെയും അറിയിച്ചു. ഇതോടെ പ്രതിയെ എളുപ്പത്തില്‍ കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചു.
സി.സി ടി.വി കാമറയുടെ ബിസിനസ് നടത്തിവരികയായിരുന്ന ശരത് വത്സരാജിനെതിരേ മുക്കം, വടകര, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ കേസുണ്ട്. ബിസിനസില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് പലരെയും പണംവാങ്ങി വഞ്ചിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചനാ കേസില്‍ അറസ്റ്റിലായ ഇയാളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. സുഹൃത്തിന്റെ സ്‌കൂട്ടറുമായി എത്തിയ ഇയാള്‍ തിരികെ പോകുന്നതിനിടെയാണ് വീട്ടമ്മയുടെ മാല കവര്‍ന്നത്. ഇതിനിടെ തലശ്ശേരിയില്‍ മറ്റൊരു കവര്‍ച്ചയും നടത്തിയെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."