കെ.എം ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല സ്പീക്കര്‍
തിരുവനന്തപുരം: കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിലവില്‍ ഷാജി നിയമസഭാംഗമല്ല. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗിക പ്രശ്‌നമുണ്ടെന്നാണ് താന്‍ പറഞ്ഞത്. കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ വിവാദത്തിന് പ്രസക്തിയില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും സ്പീക്കര്‍ പറഞ്ഞു.
കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സമ്മേളനം 27ന് തുടങ്ങും. ഇത്തവണ 13 ദിവസം സഭ ചേരും. ജോലി ചെയ്യുന്ന വനിതകള്‍ക്ക് അവകാശം ഉറപ്പാക്കുന്ന നിയമം, പൊലീസ് ഭേദഗതി ബില്‍, പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സ്വതന്ത്രമാകുന്ന ബില്‍ എന്നിവ സഭയുടെ പരിഗണനക്ക് വരും. ഓര്‍ഡിനന്‍സുകള്‍ പരമാവധി വേഗത്തില്‍ നിയമമാക്കും. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സ്വതന്ത്രമാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പി.സി ജോര്‍ജ് എം.എല്‍.എക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളിക്ക് അഭിമാനിക്കാവുന്നതാണ് നവോത്ഥാനം. നവോത്ഥാനത്തെ സംരക്ഷിക്കണം. ശബരിമല വിഷയത്തില്‍ ഭരണഘടനയാണ് ആത്യന്തികമെന്നും ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."