സി.പി.എം ഓഫിസിനു ബോംബേറ്: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍
കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായിട്ടാണു സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണു ലഭ്യമായ വിവരം. ക്രിസ്ത്യന്‍ കോളജിനു സമീപത്തെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരന് സ്മാരക മന്ദിരത്തിലേക്ക് ബോംബറിയുകയും ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്.
കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടാം വാരമായിരുന്നു സംഭവം. ആദ്യം ലോക്കല്‍ പൊലിസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു. സി.പി.എമ്മുകാര്‍ തന്നെയാണ് ബോംബേറ് നടത്തിയതെന്ന ആരോപണവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് മൂന്നാഴ്ചയ്ക്കു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റാണു കേസ് അന്വേഷിക്കുന്നത്.
വടകര റൂറല്‍ പോലിസ് പരിധിയിലെ കുറ്റ്യാടി, നാദാപുരം സ്വദേശികളാണ് കേസിലെ പ്രതികളെന്നാണറിയുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കൂടി കണ്ടെത്തേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."