ആര്‍.സി.ഇ.പി: ഇന്ത്യയുടെ പിന്മാറ്റം താല്‍ക്കാലികം
ഇന്ത്യന്‍ ജനതയെ മുള്‍മുനയില്‍നിര്‍ത്തിയ ആര്‍.സി.ഇ.പി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തം) കരാര്‍ തല്‍ക്കാലം വേണ്ടെന്ന് വച്ചിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കരാറില്‍ ഒപ്പിടുന്നതില്‍നിന്ന് താല്‍കാലികമായിട്ടാണ് ഇന്ത്യ പിന്മാറിയിരിക്കുന്നത്. ഇനിയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും അതിനനുസൃതമായിട്ടായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്ന് വരുമ്പോള്‍ ഡമോക്ലിസ്സിന്റെ വാള്‍പോലെ ഇന്ത്യന്‍ ജനതയുടെ ശിരസ്സിന് മുകളില്‍ ഇപ്പോഴും ആര്‍.സി.ഇ.പി കരാര്‍ തൂങ്ങികിടപ്പുണ്ടെന്നര്‍ഥം. ഇതുവരെ ഉണ്ടായ ആഗോള വ്യാപാര കരാറുകളൊന്നും ഇന്ത്യയെ തുണച്ചിട്ടില്ല. ഗുണങ്ങളെല്ലാം ആസിയാന്‍ അംഗരാജ്യങ്ങള്‍ക്കാണ് ഉണ്ടായത്.
ബാങ്കോക്കില്‍ സമാപിച്ച ആസിയാന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആര്‍.സി.ഇ.പി കരാര്‍കൊണ്ട് എന്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തുവാന്‍പോലും ബി.ജെ.പി സര്‍ക്കാറിന് കഴിഞ്ഞില്ല. ചര്‍ച്ചകളും ഉടമ്പടികളുമെല്ലാം രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. അതിനാല്‍തന്നെ സംഘ്പരിവാറിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍മഞ്ച് പ്രത്യക്ഷത്തില്‍തന്നെ കരാറിനെതിരേ രംഗത്തിറങ്ങി. വിവിധ കര്‍ഷക സംഘടനകളും ചെറുകിട വ്യവസായ സംഘടനകളും അതിരൂക്ഷമായ എതിര്‍പ്പുകളാണ് കരാറിനെതിരേ ഉയര്‍ത്തിയത്. ഇത്തരം സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് കരാറില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് പ്രധാനമന്ത്രി ഉച്ചകോടിയില്‍ നിര്‍ദ്ദേശങ്ങള്‍വെച്ചത്. എന്നാല്‍ ഉച്ചകോടി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇന്ത്യ കരാറില്‍ ഒപ്പിടാതെ വിട്ടുനില്‍ക്കുകയും ചെയ്തു. വിട്ടുനില്‍ക്കല്‍ ഇന്ത്യയുടെ വിജയമല്ല. ആസിയാന്‍ അംഗരാജ്യങ്ങളെ ഇന്ത്യയുടെ നിലപാട് ബോധ്യപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയാതെപോയി എന്നതാണ് യാഥാര്‍ഥ്യം.
ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത് കരാറില്‍ ഉള്‍പ്പെടുന്ന അംഗരാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് യാതൊരുവിധ ചുങ്കവും ചുമത്താന്‍ പാടില്ല എന്നതാണ്. അംഗരാജ്യങ്ങള്‍ക്ക് ഏത് രാജ്യത്തും കൃഷിഭൂമി ബലമായി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാം. വിത്തുകളുടെ ക്രയവിക്രയം അംഗരാജ്യങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. തദ്ദേശിയരായ കര്‍ഷകര്‍ക്ക് വിത്തുകളുടെ കൈമാറ്റം പാടില്ല. ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന്റെയും ചെറുകിട വ്യവസായങ്ങളുടെയും സ്ത്രീകളുടെ കൈത്തൊഴില്‍ രംഗത്തെയും പാടെതകര്‍ക്കുന്ന നിബന്ധനകളായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്.
കരാര്‍ നടപ്പിലായാല്‍ ഇപ്പോള്‍ വ്യാപാര വ്യവസായ രംഗത്ത് വളര്‍ന്ന്‌കൊണ്ടിരിക്കുന്ന ചൈനക്കായിരിക്കും അതിന്റെ മുഴുവന്‍ നേട്ടവും. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ട ചൈനക്ക് മറ്റൊരു വിപണി കണ്ടെത്തേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ആര്‍.സി.ഇ.പി കരാറിനെ അവര്‍ കരുവാക്കുന്നത്. വളരെ കുറഞ്ഞ ഉല്‍പാദന ചെലവിലാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉല്‍പാദനക്ഷമതയും കൂടും. ഇന്ത്യയെ ഏറ്റവും വലിയ വിപണിയായാണ് ചൈന കാണുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍കൊണ്ട് ഇന്ത്യന്‍ കമ്പോളങ്ങള്‍ നിറയും. അവരുടെ കാര്‍ഷിക, വ്യവസായിക ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കും.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇതിനോട് മത്സരിച്ച് ജയിക്കാനാവില്ല. നമ്മുടെ ഉല്‍പാദന ചെലവും കൂടുതലാണ്. അതിനാല്‍ ചൈനയോട് മത്സരിച്ച് വിലകുറച്ച് വില്‍ക്കാനാവില്ല. അതിന്റെ അനന്തരഫലമായുണ്ടാകുന്നത് ഇന്ത്യന്‍ കര്‍ഷകരും ചെറുകിട വ്യവസായികളും വ്യാപാരികളും രംഗത്ത്‌നിന്ന് നിഷ്‌ക്രമിക്കുക എന്നതായിരിക്കും. ചൈനയില്‍നിന്നും ഫിലിപ്പൈന്‍സില്‍നിന്നും മാത്രമല്ല ആസിയാന്‍ അംഗരാജ്യങ്ങളില്‍നിന്നെല്ലാം റബറും കുരുമുളകും കൊപ്രയും തേയിലയും ഏലവും തേങ്ങാപ്പിണ്ണാക്ക് വരെ കമ്പോളങ്ങളില്‍ സ്ഥാനംപിടിക്കുകയും ചുരുങ്ങിയ വിലക്ക് വിറ്റഴിക്കപ്പെടുകയും ചെയ്യുമ്പോള്‍ നമ്മുടെ നാളികേര കര്‍ഷകരും ഏലം കര്‍ഷകരും റബ്ബര്‍ കര്‍ഷകരും ആത്മഹത്യയില്‍ അഭയം തേടേണ്ടിവരും.
ഇത്തരം ഇറക്കുമതികള്‍ ക്രമാതീതമായാല്‍ അത് തടയുവാന്‍ ഉപയുക്തമാകുന്ന നികുതി നിബന്ധനകള്‍ ചുമത്താന്‍ ഇറക്കുമതിക്ക് വിധേയമാകുന്ന രാജ്യങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്ന നിയമഭേദഗതി ഇന്ത്യ അവതരിപ്പിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യ നിര്‍ദേശിച്ച ഭേദഗതികളെക്കുറിച്ച് പരസ്പരം തൃപ്തികരമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ ചര്‍ച്ചകള്‍ ഇനിയുമുണ്ടാകുമെന്നാണ് ഉച്ചകോടി സമാപിക്കുമ്പോള്‍ നല്‍കിയ സൂചന. ഇതും ഇന്ത്യക്ക് എത്രമാത്രം ഗുണകരമാകും എന്ന് ഇപ്പോള്‍ തിട്ടപ്പെടുത്താനുമാവില്ല. അത്തരം ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും കരാറില്‍ ഒപ്പിടുന്ന കാര്യം അന്തിമമായി ഇന്ത്യ തീരുമാനിക്കുക എന്നാണ് ഇപ്പോഴത്തെ നിലപാട്. ഇന്ത്യയുടെ നിലപാടിലേക്ക് അംഗരാജ്യങ്ങളെ കൊണ്ടുവരുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു എന്നതാണ് ബാങ്കോക്ക് ഉച്ചകോടിയില്‍ നിന്നുണ്ടായ ഫലം. ഇന്ത്യക്ക് കരാര്‍ സ്വീകാര്യമല്ലെങ്കില്‍ സ്വീകാര്യമാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് വരെ തങ്ങളും കരാറില്‍നിന്നും വിട്ടുനില്‍ക്കുകയാണെന്ന് അംഗരാജ്യങ്ങളെക്കൊണ്ട് സമ്മതിപ്പിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു.
ഇന്ത്യയെകൊണ്ട് ചൈന ഉള്‍പ്പെടെയുള്ള ആസിയാന്‍ രാജ്യങ്ങള്‍ക്കുണ്ടായ വ്യാപാരനേട്ടം ചൂണ്ടികാണിച്ച് ചൈനയുടെ മനസ്സ് മാറ്റാനും നമുക്ക് കഴിഞ്ഞില്ല. ബാങ്കോക്കില്‍ ആസിയാന്‍ അംഗരാജ്യങ്ങളുമായി വിലങ്ങനെ കൈകോര്‍ത്ത് നിന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു നേട്ടവും ഉച്ചകോടിയില്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."