പൊലിസ് ജനങ്ങളെ വേട്ടയാടുന്നതായി പരാതി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പൊലിസ് സബ്ഡിവിഷനില്‍ ഉള്‍പ്പെടുന്ന നരുവാമൂട് പൊലിസ് സ്റ്റേഷനെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലരാമപുരം, നേമം തുടങ്ങിയ സ്റ്റേഷനുകള്‍ വിഭജിച്ചാണ് നരുവാമൂട് കേന്ദ്രീകരിച്ച് പുതുതായി പൊലിസ് സ്റ്റേഷന് സ്ഥാപിച്ചത്. മൊട്ടമൂട്, നരുവാമൂട്, വലിയറത്തല തുടങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥലത്ത് പൊലിസ് സ്റ്റേഷന് വരുന്നതില്‍ നിവാസികള്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി നാട്ടുകാര്‍ പറയുന്നു.
എസ്.ഐ ഉള്‍പ്പെടെയുളള പൊലിസുകാരുടെ കണ്ണ് മൂക്കുന്നിമലയിലേയ്ക്ക് തിരിഞ്ഞതാണ് ഇതിനു കാരണം. ക്രിമിനല്‍ കേസുകള്‍ മുതല്‍ സിവില്‍ കേസുകള്‍ വരെ നോക്കാന്‍ അവര്‍ക്ക് സമയമില്ല. മൂക്കുന്നിമലയിലേ പാറ ക്വാറികളിലേയ്ക്കും ക്രഷര്‍ യൂണിറ്റുകളിലേയ്ക്കും ചീറിപായുന്ന ലോറികളെ ലക്ഷ്യമിട്ട് വളവിലും തെിരുവിലും പതുങ്ങി നിന്ന് വ്യാപകമായ തരത്തില്‍ പിരിവ് നടത്തുന്നതായി ആക്ഷേപം ശക്തമാണ്.
നരുവാമൂട്, ചുരത്തൂര്കോണം ഏലാകളില്‍ വാഴക്കുല മോഷണം മുതല്‍ വയല്‍ നികത്തല്‍ വരെ വ്യാപകമായി നടന്നിട്ടും പൊലിസിന് തിരിഞ്ഞു നോക്കാന്‍ സമയമില്ല.
നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കന്ന സ്റ്റേഷന് പരിധിയില്‍ രാവിലെ സ്കൂള്‍ സമയങ്ങളില്‍ പോലും ടിപ്പറുകള്‍ തടഞ്ഞ് ഗതാഗത തടസം സൃഷ്ടിക്കുന്നത് യാത്രകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.
നെയ്യാറ്റിന്‍കര സി.ഐയുടെയും ഡി.വൈ.എസ്.പിയുടെയും കീഴിലാണ് നരുവാമൂട് പൊലിസ് സ്റ്റേഷന്. പൊലിസിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ പൊലിസ് കംപ്ലയ്ന്റ് അതോറിറ്റിയ്ക്കും ഉന്നധ പൊലിസ് മേധാവികള്‍ക്കും പരാതി നല്കാന് തയാറാകുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."