യു.എ.പി.എ അറസ്റ്റ്: സമഗ്ര അന്വേഷണത്തിനായി മറ്റു സംസ്ഥാനത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെത്തും
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ചുള്ള അന്വേഷണത്തിനായി വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെത്തും. ഇതുവരെ കേരള പൊലിസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനും അന്വേഷണം വേഗത്തിലാക്കാനുമാണ് സംഘം എത്തുന്നത്.
വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തങ്ങളെടെക്കൂടി സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ഇവര്‍ കേരള പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായ അലന് മറ്റുസംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി പാലക്കാട് വെച്ച് കൂടിക്കാഴ്ച നടത്തിയതായി പൊലിസ് പറഞ്ഞിരുന്നു. കൂടാതെ അലന് ആറ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പൊലിസ് പറയുന്നു. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്കായി മറ്റുസംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."