കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് 'പണി കിട്ടി'യപ്പോള്‍ പണി തുടങ്ങി
പൊട്ടിപ്പൊളിഞ്ഞ സ്റ്റാന്റില്‍ ബസുകള്‍ കയറ്റില്ലെന്നു ബസുടമസ്ഥ സംഘം വ്യക്തമാക്കിയിരുന്നു. നവീകരണത്തിനായി ഇറക്കിയ സിമന്റു കട്ടകള്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയക്കുകയുമുണ്ടായി.
ഒടുവില്‍ വീണ്ടും ഗുണനിലവാരമുള്ള സിമന്റ് കട്ടകളിറക്കുകയായിരുന്നു
കാസര്‍കോട്: ഒടുവില്‍ പുതിയ ബസ് സ്റ്റാന്റ് യാര്‍ഡിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി. തകര്‍ന്നു കിടക്കുന്ന ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറില്ലെന്ന ബസുടമകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ലീഗല്‍ സര്‍വിസ് അതോറിറ്റി നേരിട്ടിടപ്പെട്ടതിനെ തുടര്‍ന്നാണ് പണി തുടങ്ങിയത്.
ബസ് സ്റ്റാന്റിന്റെ നിര്‍മാണത്തിനായി കര്‍ണാടകയില്‍ നിന്നിറക്കിയ സിമന്റു കട്ടകള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ലീഗല്‍ സര്‍വിസ് അതോറിറ്റി തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പുതിയ സിമന്റു കട്ടകള്‍ ഉപയോഗിച്ചാണു പണി തുടങ്ങിയത്.
കാസര്‍കോട് നഗരസഭാ പുതിയ ബസ് സ്റ്റാന്റ് യാര്‍ഡ് നിര്‍മാണം ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ് ആരംഭിച്ചത്. അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഫിലിപ്പ് തോമസ് ബസ് സ്റ്റാന്റ് യാര്‍ഡിന്റെ നിര്‍മാണം ഓരോ ദിവസവും വിലയിരുത്തും. ബസുടമസ്ഥ സംഘം തകര്‍ന്ന ബസ് സ്റ്റാന്റില്‍ ബസ് കയറ്റില്ലെന്ന് മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണു നഗരസഭയും പൊതുമരാമത്ത്-ദേശീയപാത വിഭാഗത്തെയും വിളിച്ചു ചേര്‍ത്തു പ്രശ്‌നം ചര്‍ച്ച ചെയ്തത്.
20 നകം ബസ് സ്റ്റാന്റ് യാര്‍ഡ് സിമന്റ് കട്ടകള്‍ പാകി നവീകരിക്കുമെന്നു നഗരസഭ ഉറപ്പു നല്‍കി. ഇതിനായി കരാര്‍ നല്‍കി. എന്നാല്‍ കരാറുകാരന്‍ കര്‍ണാടകയില്‍ നിന്നിറക്കിയ സിമന്റു കട്ടകള്‍ ഗുണനിലവാരമില്ലാത്തതാണെന്നു സബ് ജഡ്ജ് എന്‍ജിനിയര്‍മാരെ കൊണ്ടു നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്നാണ് ഇന്നലെ പുതിയ സിമന്റു കട്ടകള്‍ ഇറക്കിയത്.
ഈ കട്ടകള്‍ ഗുണനിലവാരമുള്ളതാണെന്ന് എന്‍ജിനിയര്‍മാരുടെ സംഘം പരിശോധിച്ചു കണ്ടെത്തി. തുടര്‍ന്നാണു ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഫിലിപ്പ് തോമസ് പണി തുടങ്ങാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് ബസ് സ്റ്റാന്റിലെ തകര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ഈ ജോലി ഇന്നത്തോടെ പൂര്‍ത്തിയാകും. നാളെ മുതല്‍ ബസ് സ്റ്റാന്റില്‍ സിമന്റു കട്ടകള്‍ പാകുന്ന ജോലി ആരംഭിക്കും. കോടതിയുടെ നേരിട്ടുള്ള ഇടപെടലില്‍ ബസ്സ്റ്റാന്റ് നവീകരണം നടക്കുന്നതു ഗുണകരമാകുമെന്ന വിശ്വാസത്തിലാണു യാത്രക്കാര്‍. 10 ദിവസം കൊണ്ടു നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."