നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ മൂന്നരക്കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കും
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമായി ഈ വര്‍ഷം മൂന്നരക്കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ചു 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ സ്‌കീമില്‍ നിന്ന് അനുവദിച്ച കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടു കോടി രൂപയാണു പദ്ധതി അടങ്കല്‍. 30 ലക്ഷം രൂപ ചെലവഴിച്ചുള്ള പുതിയ എക്‌സ്‌റേ ബ്ലോക്കിന്റെ പണി ആരംഭിച്ചു കഴിഞ്ഞു. നിര്‍മിതി കേന്ദ്രത്തിനാണു നിര്‍മാണ ചുമതല. ദീന്‍ദയാല്‍ പദ്ധതി പ്രകാരമുള്ള പുതിയ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 50 ലക്ഷം രൂപ ലഭ്യമായിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികളും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കും. കൂടാതെ കാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനായി മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ആസ്തിവികസന നിധിയില്‍ നിന്നു 50 ലക്ഷം രൂപയും ലഭ്യമായിട്ടുണ്ട്. കുടിവെള്ള ലഭ്യത വര്‍ധിപ്പിക്കുന്നതിനും കെട്ടിടങ്ങളുടെ നവീകരണത്തിനുമായി നഗരസഭ 15 ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതിനായും പാലിയേറ്റിവ് കെയര്‍ പരിചരണ പരിപാടിക്കുമായി അഞ്ചു ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്.
കാഷ്വാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനായി നാലു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവിറങ്ങി. ഗൈനക്കോളജിസ്റ്റ് ഇതിനകം തന്നെ ജോലിയില്‍ പ്രവേശിച്ചു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ ഉടനെ തന്നെ അനുവദിക്കുമെന്ന ഉറപ്പു ലഭ്യമായിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."