മാണി യു.ഡി.എഫ് വിട്ടു: നിയമസഭയില്‍ ഇനി ഒറ്റയ്ക്ക്
പത്തനംതിട്ട: യു.ഡി.എഫ് വിടുന്നതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ചരല്‍ക്കുന്നില്‍ പ്രഖ്യാപിച്ചു. യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയുടെ പൂര്‍ണമായ അംഗീകാരം ലഭിച്ചു. നിര്‍ദേശം കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന നിര്‍ദേശമാണ് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചത്. ഇതോടെ യു.ഡി.എഫും മാണിയും തമ്മിലുള്ള 32 വര്‍ഷത്തെ ബന്ധത്തിനാണ് അവസാനമാവുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിനെ ദുര്‍ബലപ്പെടുത്താനും പാര്‍ട്ടി ലീഡറെ അപമാനിക്കാനും കോണ്‍ഗ്രസ്സിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നീക്കങ്ങള്‍ നടത്തിയതായും കാണുന്നതായി മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞെന്ന് മാണി പറഞ്ഞു. യു.ഡി.എഫിന് നന്മ നേരുന്നു. യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും മാണി പറഞ്ഞു.
സംസ്ഥാനതലത്തില്‍ യു.ഡി.എഫുമായി ഇനി സഹകരണമുണ്ടാകില്ല. കൂടാതെ നിയമസഭയില്‍ ഒറ്റയ്ക്ക് നില്‍ക്കാനും തീരുമാനിച്ചു. സ്വതന്ത്ര്യവീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നിയമസഭയില്‍ ഒരു സ്വതന്ത്ര ബ്ലോക്കായിരിക്കാന്‍ തീരുമാനിച്ചെന്ന് മാണി പറഞ്ഞു.
യു.ഡി.എഫുമായി തദ്ദേശസ്ഥാപനങ്ങളിലെ സഹകരണം തുടരുമെന്നും മാണി പറഞ്ഞു. എന്നാല്‍, തല്‍ക്കാലം ഒരു മുന്നണിയോടും കൂട്ടുകൂടില്ലെന്നും മൂന്ന് മുന്നണികളോടും സമദൂരം പാലിക്കുമെന്നും മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."