'ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം' പൊലീസിനെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരേയും കേസ്
തിരുവനന്തപുരം: എസ്.പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ എസ്.പി. ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിനിടയിലാണ് പൊലീസിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്. ബൂട്ടിട്ട് ചവിട്ടുംപോലെയല്ല 'നിയുദ്ധ' പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്ന പ്രകോപനപരമായ പ്രസംഗത്തിന്റേ പേരിലാണ് കേസ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്താണ് ഐപിഎസ് ഉദ്യോഗസ്ഥാനായ യതീഷ് ചന്ദ്രയ്‌ക്കെതിരേ ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. ശബരിമല സംഘര്‍ഷഭൂമിയാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പൊലീസ് ശക്തമായ തടയിട്ടത്.
ഇതോടെ, തന്ത്രം പാളിയ സംഘപരിവാര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശബരിമലയിലെ അയ്യപ്പന്മാരെ ചവിട്ടിമെതിക്കുകയാണെന്ന് വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിലും പൊലീസിന് കാര്യമായ വിമര്‍ശനം പൊതുസമൂഹത്തില്‍ നിന്നും ഉയരാത്തതിനാലാണ് വ്യക്തിപരമായ അക്രമണത്തിന് ശോഭ സുരേന്ദ്രന്‍ മുതിര്‍ന്നതെന്നാണ് വിലയിരുത്തലുകള്‍.
തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓര്‍ക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാന്‍ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടര്‍ന്നാല്‍ ശബരിമലയില്‍ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയില്‍ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കില്‍ സമരത്തിലെ ബിജെപി നിലപാട് ശരിയാണെന്നാണ് അതിനര്‍ഥമെന്നും ശോഭ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."