കുസാറ്റില്‍ നിയമനവും പുരസ്‌കാരവും വിവാദമായി
കളമശേരി: കൊച്ചി സര്‍വകലാശാല ബയോടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ടും മുന്‍ വൈസ് ചാന്‍സലറുടെ പേരിലുള്ള പുരസ്‌കാര വിതരണത്തെ ചൊല്ലിയും വെള്ളിയാഴ്ച കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. നിമയനം ലഭിച്ച വ്യക്തിയുടെ യോഗ്യത പരിശോധിച്ചതിനെചൊല്ലിയും സിന്‍ഡിക്കേറ്ററിയാതെ നിയമനം നടത്തിയെന്നും ആരോപിച്ചായിരുന്നു ബഹളം.
സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേരത്തെ ഹൈക്കോടതിയില്‍ കേസായിരുന്നു. നിയമന ലിസ്റ്റിലെ രണ്ടാം റാങ്കുകാരി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരുന്നു. അടുത്തിടെയുണ്ടായ ഉത്തരവിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് ബയോ ടെക്‌നോളജി വിഭാഗത്തില്‍ വീണ്ടും നിയമനം നല്‍കി. കോടതി ഉത്തരവില്‍ ഇപ്പോള്‍ നിയമനം ലഭിച്ചയാളുടെ യോഗ്യത പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ കുസാറ്റിലെ ഡീന്‍മാരെ കൊണ്ട് യോഗ്യത പരിശോധിപ്പിക്കുകയും നിയമനം നല്‍കുകയുമാണ് ചെയ്തത്. ഇത് ശരിയല്ലെന്നും യോഗ്യത പരിശോധിക്കേണ്ടത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയാണെന്ന നിലപാടിലായിരുന്നു സിന്‍ഡിക്കേറ്റംഗങ്ങള്‍. സിന്‍ഡിക്കേറ്ററിയാതെ നിയമനം നടത്താന്‍ പാടില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതൊരു പുനര്‍ നിയമനമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ ഇത് മുഖവിലക്കെടുത്തില്ല. ഏതൊരു നിയമനത്തിനും സിന്‍ഡിക്കേറ്റിന്റെ അംഗീകാരം വേണമെന്ന നിലപാടില്‍ അംഗങ്ങള്‍ ഉറച്ചു നിന്നു. പിന്നീട് ഈ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു.
മുന്‍ വൈസ് ചാന്‍സലറുടെ പേരിലുള്ള പുരസ്‌കാരത്തിന് ഇത്തവണ നിര്‍ദേശിക്കപ്പെട്ട വ്യക്തി വിവാദങ്ങളുടെ നടുവിലുള്ള ആളാണെന്നും ഇതിന് അര്‍ഹതയും യോഗ്യതയുമില്ലാത്ത വ്യക്തിയാണെന്നും പറഞ്ഞായിരുന്നു അംഗങ്ങള്‍ ബഹളം വച്ചത്. കുസാറ്റിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഏതെങ്കിലും മെഡിക്ലെയിം പദ്ധതിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് രൂപരേഖ തയാറാക്കാനും നിദേശിച്ചു. അധ്യാപക നിയമനം നടത്തുന്ന ദിവസം തന്നെ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും റാങ്കും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."