വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍
നീലേശ്വരം: സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മദ്യം വാങ്ങാന്‍ ബിവറേജ് ഷോപ്പിലെത്തിയ അധ്യാപകനെ നാട്ടുകാര്‍ പിടികൂടി.
മടിക്കൈ മേക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ കൊവ്വല്‍വീട്ടില്‍ പി.കെ കണ്ണന്റെ മകന്‍ കെ.വി സുമേഷിനെ(44)യാണു നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. സുമേഷിന്റെ കെ.എല്‍ 60 ഇ 8140 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
മേക്കാട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ജസ്‌നയുടെ ഭര്‍ത്താവും ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥനുമായ കല്ലൂരാവിയിലെ രാജേഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കല്ലൂരാവിയില്‍ രാജേഷിന്റെ മൃതദേഹത്തില്‍ സുമേഷ് നാല് പ്ലസ്ടു വിദ്യാര്‍ഥികളെ കൂട്ടി അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയതായിരുന്നു. തിരിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ നീലേശ്വരം മൂന്നാംകുറ്റിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി അരലിറ്റര്‍ മദ്യം വാങ്ങിയത്.
ഇതിനിടെ സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ഥികളെയും അധ്യാപകനെയും മദ്യശാലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് നീലേശ്വരം പൊലിസില്‍ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസ് വിദ്യാര്‍ഥികളെയും അധ്യാപകനെയും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ അധ്യാപകന്‍ മദ്യപിച്ചതായി കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്തു.
വിദ്യാര്‍ഥികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലിസ് വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും സുമേഷിനെതിരേ ചന്തേര പൊലിസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്.
ഡ്യൂട്ടിക്കിടയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മദ്യശാലയില്‍ പോയ അധ്യാപകനെതിരേ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."