കേരളത്തില്‍ ഉയര്‍ന്നുവരുന്നത് പുതിയ പൊലിസ് സംസ്‌കാരം: മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തില്‍ ഉയര്‍ന്നുവരുന്നത് പുതിയ പൊലിസ് സംസ്‌കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യംചെയ്യാന്‍ സാധിക്കാത്ത ഫ്യൂഡല്‍ കാലത്തെ പൊലിസ് സംസ്‌കാരം മാറിക്കഴിഞ്ഞു.
ഒരുവിധ സ്വാധീനത്തിനും കീഴിലല്ല തങ്ങളുടെ തൊപ്പിയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏത് ഉന്നതനെയും അഴിക്കുള്ളിലാക്കാന്‍ ഭയക്കേണ്ടതില്ല. പൊലിസിനെതിരേ ഒരു നിരപരാധിയുടെയും പരാതി ഉയരാനും പാടില്ല. കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കാലം മാറുന്നതിനനുസരിച്ച് മൂല്യങ്ങളിലും പൊതുമനോഭാവത്തിലും മാറ്റംവന്നിട്ടുണ്ട്.
അതിനനുസിരിച്ച് സേനയ്ക്കും മാറാന്‍ കഴിയണം. ലോക്കപ്പ് മര്‍ദ്ദനം, മൂന്നാം മുറ, അഴിമതി തുടങ്ങിയ പ്രവണതകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതായിയെന്ന അഭിപ്രായം സര്‍ക്കാരിനില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തനം പൊലിസിന് സഹായകമാണ്. എന്നാല്‍, തെറ്റായ വാര്‍ത്തകളും പുറത്തുവരാറുണ്ട്. മുട്ടിന് മുട്ടിന് ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ പിന്നാലെ വരും. ഇതിനെല്ലാം വിശദീകരണം നല്‍കിയാല്‍ അന്വേഷണം നടക്കില്ല. അന്വേഷണ വിവരങ്ങള്‍ പുറത്താകുന്നത് ഗൗരവമായെടുക്കണം. ആവശ്യമെങ്കില്‍ മാത്രം അന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതി.
തെറ്റായ ട്രാഫിക് പരിശോധനയുടെയും വികലമായ പൊലിസ് ഭാഷയുടെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ദുരുദ്ദേശത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശരിയേതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റുണ്ടെങ്കില്‍ തിരുത്താനും തയാറാകണം. പൊലിസിന്റെ ആധുനികവല്‍കരണത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പ്രത്യേക വനിതാ ബറ്റാലിയന് 451 തസ്തികകള്‍ അനുവദിച്ചുകഴിഞ്ഞു. ബറ്റാലിയന്‍ ആസ്ഥാനത്തിനായി തിരുവനന്തപുരത്ത് 70 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. പുതിയ കമാന്‍ഡോ യൂനിറ്റുകള്‍ക്കായി 210ഉം സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനായി 138 തസ്തികകളും അനുവദിച്ചു. സേനാംഗങ്ങള്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ്, സി.യു.ജി സിം കാര്‍ഡ് എന്നിവ നല്‍കും. 100 പൊലിസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് സ്റ്റേഷനുകളായി. എസ്.എച്ച്.ഒമാരായി സി.ഐമാരെ നിയമിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, എം.കെ രാഘവന്‍ എം.പി, സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."