ആസ്വാദകരെ ആവേശത്തിലാഴ്ത്തി ചവിട്ടുനാടകം
കാഞ്ഞങ്ങാട്: വര്‍ണാഭമായ വസ്ത്രാലങ്കാരത്തോടെ മനോഹര ചുവടുകള്‍ തീര്‍ത്ത് ആസ്വാദകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് ചവിട്ടുനാടകക്കാര്‍ ചവിട്ട് കയറിയത് ആസ്വാദകരുടെ ഹൃദയത്തിലേക്ക്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ മത്സരാര്‍ഥികളും ആവേശം ഒട്ടും ചോരാതെ വേദിയില്‍ ചവിട്ടിയാടിയാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്. സാധാരണയില്‍ ക്രിസ്തീയ പുരാണങ്ങള്‍ കോര്‍ത്തിണക്കിയുള്ള തമിഴ്, മലയാളം ഈണങ്ങള്‍ക്ക് ചുവടുവച്ചാണ് കുട്ടികള്‍ വേദിയില്‍ പ്രകടനം നടത്താറ്. എന്നാല്‍ ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതിയ രീതിയിലുള്ള ഒരു പരീക്ഷണംകൂടി സൃഷ്ടിക്കപ്പെട്ടു. ശ്രീധര്‍മശാസ്താവ് എന്ന പേരില്‍ ശബരിമല ശാസ്താവിന്റെ കഥക്കും കുട്ടികള്‍ ചവിട്ടിയാടി വേദിയെ പിടിച്ചുകുലുക്കുന്ന പ്രകടനം നടത്തി. വിശുദ്ധ ഗീവര്‍ഗീസിന്റെയും ജോവനോഫ് ആര്‍ക്കിന്റെയും ജൂലിയസ് സീസറിന്റെയും അടക്കമുള്ള കഥകള്‍ക്ക് ചുവടുവച്ചാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും വേദിയില്‍ ചവിട്ടിയാടിയത്. പ്രാര്‍ഥനയോടെ തുടങ്ങി കഥ പറഞ്ഞ് മംഗളം നിത്യജയ ആദി കടവുളോനെ, മംഗളം നംസ്തുതേ മംഗളം മംഗളം എന്ന സ്തുതി പാടി നാടകത്തിന്റെ അവസാനം എല്ലാ നടന്മാരും ചുവടുവച്ച് സദസിനെ വണങ്ങി അണിയറയിലേക്ക് പോയപ്പോള്‍ സദസ് കരഘോഷത്തോടെയാണ് അവരെ യാത്രയാക്കിയത്. ഹൈസ്‌കൂള്‍ വിഭാഗം ചവിട്ടുനാടകത്തില്‍ മത്സരിച്ച 20 ടീമുകളും എ ഗ്രേഡുമായാണ് വേദി വിട്ടത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും മത്സരാര്‍ഥികളെല്ലാം മികച്ച നിലവാരമാണ് ചവിട്ടുനാടകത്തിന്റെ തട്ടില്‍ പുലര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."