ബി.ജെ.പിയുമായി സഖ്യം: തീരുമാനം അംഗീകരിക്കില്ലെന്ന് ശരത് യാദവ്
ന്യൂഡല്‍ഹി: ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നു ഭരണംപങ്കിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നടപടി അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ശരത് യാദവ്. നിതീഷിന്റെ നടപടിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ ദുഃഖിതനാണെന്നും ബിഹാറിലെ ആ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അത് അംഗീകരിക്കില്ലെന്നും ശരത് യാദവ് പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ ഇതുപോലുള്ള ഒരുരാഷ്ട്രീയ ബന്ധത്തിനല്ല വോട്ട്‌ചെയ്തത്. മതേതരമഹാസഖ്യത്തെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയിരുന്നത്-ശരത് യാദവ് പറഞ്ഞു.
ജനങ്ങളുമായുണ്ടാക്കിയ ഒരുകരാര്‍ പൊളിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. മഹാസഖ്യത്തെ വിശ്വസിച്ചാണ് അവര്‍ വോട്ട്‌ചെയ്തത്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അടങ്ങുന്ന വിശാലസഖ്യത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറത്തുപോയ നിതീഷിന്റെ നടപടിയോട് ഇതാദ്യമായാണ് ശരത് യാദവ് പ്രതികരിച്ചത്. നിതീഷിന്റെ നടപടിയ്‌ക്കെതിരേ മുതിര്‍ന്ന നേതാക്കളായ അലി അന്‍വര്‍ അന്‍സാരിയും എം.പിവീരേന്ദ്രകുമാറും ഉള്‍പ്പെടെയുള്ള എം.പിമാര്‍ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയുടെ ദേശീയമുഖമായ യാദവ് പ്രതികരിച്ചിരുന്നില്ല.
ഇതിനിടെ യാദവും നിതീഷിനൊപ്പം എന്‍.ഡി.എയിലേക്കു പോയേക്കുമെന്നും അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്നലെ യാദവ് നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാരില്‍ യാദവ് പ്രതീക്ഷകൈവെടിയരുതെന്ന് ബി.ജെ.പി പ്രതികരിച്ചു. യാദവ് ഏറെക്കാലം എന്‍.ഡി.എ മുന്നണിക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ്. പ്രധാനമന്ത്രി ചെയ്ത വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ബി.ജെ.പി നേതാവ് അശ്വിനി ചൗബെ പറഞ്ഞു. ഞായറാഴ്ച നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ട്വിറ്ററില്‍ നിശിതമായി വിമര്‍ശിച്ച് യാദവ് കുറിപ്പ് എഴുതിയിരുന്നു. കള്ളപ്പണം തിരികെകൊണ്ടുവരുമെന്നുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നരേന്ദ്ര മോദി സര്‍ക്കാര്‍ പാലിക്കുകയോ പാനമ കള്ളപ്പണ ഇടപാടു സംബന്ധിച്ച രേഖയില്‍ പേരുവന്നവരെ പിടികൂടുകയോ ചെയ്തില്ലെന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് യാദവ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."