അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി.യു ചിത്രയ്ക്ക് പങ്കെടുക്കാനാകാതെ പോയതില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് നിര്‍ദേശിച്ചു.
ജൂലൈ 24നു ശേഷം താരങ്ങളെ പട്ടികയിലുള്‍പ്പെടുത്താനാകില്ലെങ്കില്‍ സുധാ സിങ് സംഘത്തില്‍ ഇടംനേടിയത് എങ്ങനെയാണെന്നും ഇന്നുതന്നെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ലോക അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ മാസം നാല് മുതല്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷന്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ജൂലൈ 28ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു.
സെലക്ഷന്‍ നടപടികള്‍ സുതാര്യമാക്കാനെങ്കിലും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്ന് ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ സിംഗിള്‍ ബെഞ്ച് പറഞ്ഞു. ചിത്രയെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ മനഃപൂര്‍വം എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ലോക അത്‌ലറ്റിക് മീറ്റില്‍ 1,500 മീറ്ററില്‍ ചിത്രയെക്കൂടി പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഫെഡറേഷന്‍ നടപടിയെടുത്തില്ലെന്നു ഹരജിയില്‍ ആരോപിക്കുന്നു.
ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചിത്രയെക്കൂടി ഉള്‍പ്പെടുത്തണമെന്നൊരു കത്ത് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന് എഴുതുക മാത്രമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ചെയ്തത്.
അതിനിടെ, ചിത്രയെ ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചേക്കും. ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കാന്‍ ഇന്നലെ ഫെഡറേഷന്റെ അഭിഭാഷകന്‍ അനുമതി തേടി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇതിന് അടിയന്തര സ്വഭാവമില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചു ഹരജി പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ വിലയിരുത്താതെയാണ് ചിത്രയെ പങ്കെടുപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചതെന്നും വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ഫെഡറേഷന് മതിയായ സമയം നല്‍കിയില്ലെന്നും അപ്പീലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."