ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്.
2018 ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഹൈടെക് സ്‌കൂള്‍ പദ്ധതിയിലൂടെ 4752 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികള്‍ പൂര്‍ണമായും ഹൈടെക്കായി.
2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ ഇതുവരെ വിന്യസിച്ചത് 116259 ലാപ്‌ടോപ്പുകള്‍, 97655 യു.എസ്.ബി സ്പീക്കറുകള്‍, 67194 പ്രൊജക്ടറുകള്‍, 41811 മൗണ്ടിങ് കിറ്റുകള്‍ , 23098 സ്‌ക്രീനുകളുമാണ്. ഇതിനു പുറമെ 4545 എല്‍.ഇ.ഡി ടെലിവിഷന്‍, 4611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 4578 ഡി.എസ്.എല്‍.ആര്‍ കാമറ, 4720 എച്ച്.ഡി വെബ്കാം എന്നിവയും സ്‌കൂളുകളില്‍ വിന്യസിച്ചു കഴിഞ്ഞു.
കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് സ്‌കൂള്‍ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.
ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിന്യസിച്ച ജില്ല മലപ്പുറമാണ് (17959 ലാപ്‌ടോപ്പുകളും 9571 പ്രൊജക്ടറുകളും). കോഴിക്കോടാണ് (12114 ലാപ്‌ടോപ്പുകളും 6940 പ്രൊജക്ടറുകളും) തൊട്ടടുത്ത്.
ജനുവരിയില്‍ പ്രത്യേക ഐ.ടി ഓഡിറ്റ് പൂര്‍ത്തിയാക്കാനും സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."