HOME
DETAILS

പൊലിസ് ലിഞ്ചിങ് എന്ന അവസാനത്തെ ആണി

  
backup
December 09 2019 | 03:12 AM

todays-article-about-police-by-faisal-puthanazhi

 

 

 

'I'll be judge, I'll be jury,'
Said cunning old Fury:
'I'llt ry the whole cause,
and condemn you to death.'

ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്' എന്ന വിഖ്യാതമായ നോവലില്‍ നിസ്സഹായനായ എലിയോട് തെമ്മാടിയായ നായ പറയുന്നതാണിത്. ഇതുപോലെ പൊലിസ്, തന്നെ ജൂറിയും ജഡ്ജിയുമായി കേസ് മുഴുവന്‍ അവര്‍ തന്നെ വിചാരണ ചെയ്ത് പ്രതികളെ വധശിക്ഷക്ക് വിധിക്കുന്ന ഒരു ഭയാനകവും വിചിത്രവുമായ ആലീസിന്റെ അത്ഭുത ലോകത്തിലേയ്ക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവാഴ്ചക്ക് പകരം എല്ലാം ശരിയാക്കുന്ന അതിമാനുഷരാണ് നിയമവും നീതിയും ഇനി നിശ്ചയിക്കുക. രാഷ്ട്രീയത്തിലും സിനിമയിലും വരെ ജനാധിപത്യത്തേയും ഭരണഘടനയേയും നിഷ്പ്രഭമാക്കുന്ന അതിനായകന്മാര്‍ തകര്‍ത്താടുമ്പോള്‍ ഈ പരിണാമം സ്വാഭാവികം തന്നെ. ആലീസിന്റെ കഥയിലെ എലിയെ പോലെ നിസ്സഹായരാകാനേ ഇനി പൗരസഞ്ചയത്തിനു കഴിയൂ.
നാം ഭരണഘടനാബദ്ധമായ ഒരു രാഷ്ട്രത്തില്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരാണ്. രാഷ്ട്രം ഓരോ പൗരനുമായും ഏര്‍പ്പെടുന്ന കരാറാണ് ഭരണഘടന. അത് ലംഘിക്കാന്‍ ഭരണഘടനയില്‍ നിന്ന് ഉത്ഭവിക്കുന്ന രാഷ്ട്രീയ അധികാരം കയ്യാളുന്ന ഒരു ഭരണാധികാരിക്കും അധികാരമില്ല. ആധുനിക ഭരണഘടനാവാദത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്ന് നിയമത്തിനു മുന്‍പിലുള്ള സമത്വമാണ്. റോയപ്പയും സ്റ്റേറ്റ് ഓഫ് തമിഴ്‌നാടും തമ്മിലുള്ള കേസില്‍ (1973) ജസ്റ്റിസ് വി.ആര്‍ കൃഷ്ണ അയ്യര്‍ നടത്തിയ പ്രഖ്യാപനം പ്രസക്തമാണ്: 'സമത്വവും തത്വദീക്ഷ ഇല്ലായ്മയും യഥാര്‍ത്ഥത്തില്‍ ബദ്ധശത്രുക്കളാണ്. സമത്വം ഒരു റിപ്പബ്ലിക്കിലെ നിയമവാഴ്ചയുടെ ഭാഗമാണെങ്കില്‍ തത്വദീക്ഷ ഇല്ലായ്മ ഒരു അനിയന്ത്രിതനായ രാജാവിന്റെ ചാപല്യവും തോന്ന്യാസവുമാണ്.'' ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചയില്‍ നിന്ന് രാജാക്കന്മാരുടെ തോന്ന്യാസത്തിലേക്കും ചാപല്യങ്ങളിലേക്കും രാജ്യത്തെ തിരികെ കൊണ്ടുപോവാന്‍ അനുവദിച്ചുകൂടാ.
ഭരണഘടന ഒരു രാഷ്ട്രത്തിലെ നിയമവ്യവസ്ഥയുടെ ഉറവിടമാണ്. വിഖ്യാതനായ ഓസ്ട്രിയന്‍ നിയമജ്ഞയായ ഹാന്‍സ് കെല്‍സണ്‍ (1881 - 1973) ഭരണഘടനയെ ഗ്രന്‍ഡ്‌നോം (ഴൃൗിറിീൃാ) എന്നാണ് വിളിച്ചത്. ഒരു രാഷ്ട്രത്തിലെ നിയമവ്യവസ്ഥയുടെ അടിത്തറയാണിത്. നിയമ വ്യവസ്ഥക്ക് ഒരു പിരമിഡിന്റെ രൂപമാണുള്ളത്. ആ പിരമിഡിന്റെ അഗ്രസ്ഥാനമാണ് ഭരണഘടന. അതിന്റെ തൊട്ടുതാഴെ രാഷ്ട്രനിര്‍മിത നിയമനങ്ങള്‍ അഥവാ സ്റ്റാട്യൂറ്റുകള്‍. അതിനു താഴെനിയമവ്യാഖ്യാനത്തിലൂടെ കോടതികള്‍ രൂപപ്പെടുത്തുന്ന നിയമങ്ങള്‍ അഥവാ കേസ് ലോകള്‍. അതിനു താഴെ പാരമ്പര്യങ്ങളും കീഴ് വഴക്കങ്ങളും(കസ്റ്റം ആന്‍ഡ് ട്രഡിഷന്‍സ്). ഏറ്റവും താഴെ നിര്‍വഹണ വിഭാഗം നിര്‍മിക്കുന്ന ഉപനിയമങ്ങള്‍ അഥവാ സബോര്‍ഡിനേറ്റ് ലെജിസ്‌ലേഷന്‍. ഇവയുടെ ആകെത്തുകയാണ് ഒരു രാഷ്ട്രത്തിലെ നിയമവ്യവസ്ഥ. അഗ്രിമ സ്ഥാനത്ത് നിലകൊള്ളുന്ന ഭരണഘടനയെ ഉല്ലംഘിക്കുന്ന താഴെ തട്ടിലുള്ള മറ്റു നിയമങ്ങള്‍ സാധുവല്ല. ഭരണഘടനയില്‍ നിന്ന് ഉത്ഭവിക്കുന്ന നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ആര്‍ക്കും അധികാരവുമില്ല.
ഭരണഘടന എന്ന സങ്കല്‍പം ഒരു സുപ്രഭാതത്തില്‍ ആകാശത്തില്‍ നിന്ന് അടര്‍ന്നു വീണതല്ല. മാനവരാശി, രക്തവും കണ്ണീരും ചിന്തി, നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തിയെടുത്തതാണ് ഭരണഘടനാവാദം അഥവാ കോണ്‍സ്റ്റിറ്റിയൂഷണലിസം. ഭരണഘടനയുടെ രണ്ടു ലക്ഷ്യങ്ങള്‍ ഭരണകൂടത്തിന്റെ അധികാരങ്ങളെ നിര്‍വചിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതും പൗരന്റെ അവകാശങ്ങളെ ഭരണകൂടത്തിന്റെ തത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇംഗ്ലണ്ടില്‍ രാജാവും പാര്‍ലമെന്റും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ഫലമായി 1688ല്‍ നടന്ന മഹത്തായ വിപ്ലവ(ഗ്ലോറിസ് റവല്യൂഷന്‍)ത്തില്‍ നിന്നാണ് ആധുനിക ഭരണഘടനാവാദം ആരംഭിക്കുന്നത്.
രാഷ്ട്രവും രാജാവും രൂപം കൊണ്ടത് ജനങ്ങളും രാഷ്ട്രവും തമ്മിലുള്ള ഒരു സാമൂഹ്യ കരാറിലൂടെയാണ് എന്നും ജനങ്ങളുടെ സമ്മതിയാണ് ഭരണകൂടത്തിന്റെ നിയമസാധുതയുടെ അടിസ്ഥാനമെന്നും എപ്പോള്‍ ജനങ്ങളുടെ സമ്മതി നഷ്ടപ്പെടുന്നുവോ അപ്പോള്‍ ഭരണകൂടത്തിന്റെ നിയമസാധുത ഇല്ലാതാകുന്നുവെന്നും ഈ പോരാട്ടത്തില്‍ പാര്‍ലമെന്റിന്റെ രാഷ്ട്രീയ സൈദ്ധാന്തികമായ ജോണ്‍ ലോക്ക് (1632 - 1704) വാദിച്ചു. എല്ലാ മനുഷ്യര്‍ക്കും ദൈവദത്തമായ ചില അവകാശങ്ങളുണ്ട്. അവ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയാണ്. ഇവയെ സംരക്ഷിക്കാം എന്ന ഉറപ്പിലാണ് ജനം രാഷ്ട്രത്തിനെ അനുസരിക്കുന്നത്. ഭരണകൂടം ഈ ഉറപ്പ് ലംഘിച്ചാല്‍ ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടപ്പെടും. ഇങ്ങനെ നിയമസാധുത നഷ്ടപ്പെട്ട ഭരണകൂടത്തെ അനുസരിക്കാന്‍ പൗരന് ബാധ്യതയില്ല എന്ന് മാത്രമല്ല ആ ഭരണകൂടത്തെ മാറ്റാന്‍ അവന് അവകാശവുമുണ്ട്. ഇതാണ് ലോക്കിന്റെ സാമൂഹ്യ കരാര്‍ സിദ്ധാന്തത്തിന്റെ രത്‌നച്ചുരുക്കം. 1776ലെ അമേരിക്കന്‍ സ്വതന്ത്ര പ്രഖ്യാപനം ഈ ആശയം വ്യക്തമായി പ്രഖ്യാപിക്കുകയും ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ആദ്യത്തെ ആധുനിക ഭരണഘടനയായ അമേരിക്കന്‍ ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്തു.
ഭരണഘടനാവാദവും ക്ലാസിക്കല്‍ ലിബറലിസവും മഹത്തായ വിപ്ലവത്തിന്റെ ഇരട്ട സന്താനങ്ങളാണ്. വ്യക്തിയുടെ പ്രാധാന്യവും സ്വാതന്ത്ര്യവും, അവസര സമത്വം, മനുഷ്യപുരോഗതി, മാനവയുക്തി, മെറിറ്റോക്രസി, സഹിഷ്ണുത, ജനാധിപത്യത്തിനുള്ള വിശ്വാസം, നിയമ വാഴ്ച എന്നിവയാണ് ലിബറലിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍. ഇവയുടെ എതിര്‍ദിശയില്‍ നിലകൊള്ളുന്ന ആശയമാണ് ഫാസിസം. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, അമേരിക്കന്‍ വിപ്ലവം എന്നിവ മുന്നോട്ടുവച്ച ലിബറല്‍കോണ്‍സ്റ്റിറ്റിയൂഷണല്‍ വാദങ്ങള്‍ക്കെതിരെ രൂപം കൊണ്ട ചിന്താധാരയാണ് ഫാസിസം. മനുഷ്യന്‍ സ്വാര്‍ത്ഥനും മൃഗീയ സ്വഭാവങ്ങള്‍ ഉള്ളവനും യുക്തി രഹിതനുമാണ് എന്നതാണ് ഫാസിസ്റ്റ് വീക്ഷണം. തോമസ് ഹോബ്‌സ്‌ന്റെയും മാക്കിയവെല്ലിയുടേയും ചിന്തകളാണ് ഫാസിസത്തിന്റെ ആധാരം. യുക്തിക്ക് പകരം വൈകാരികത, സ്വാതന്ത്ര്യത്തിനു പകരം അടിമത്തം, സമത്വത്തിനു പകരം രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വം, നിയമവാഴ്ചയ്ക്ക് പകരം ഏകാധിപത്യവും സ്വേച്ഛാധിപത്യവും എന്നിവയാണ് ഫാസിസത്തിന്റെ തത്വങ്ങള്‍. ലിബറലിസം, തത്വങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യക്രമം മുന്നോട്ടുവയ്ക്കുമ്പോള്‍ ഫാസിസം സ്വേച്ഛാധിപത്യമാണ് പകരംവയ്ക്കുന്നത്.
ഫാസിസത്തിന്റെ സമകാലിക അവതാരമാണ് പോപുലിസം. ജനാധിപത്യം, നിയമവാഴ്ച, നിയമാധിഷ്ഠിത സാമൂഹ്യക്രമം തുടങ്ങിയ ലിബറല്‍ മൂല്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ വിചാരധാരയാണിത്. മത, വംശീയ, ലൈംഗിക ന്യൂനപക്ഷങ്ങളെ രാഷ്ട്രത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറംതള്ളുന്ന പ്രത്യയശാസ്ത്രമാണിത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിലെ മരിയന്‍ ലീ പെന്‍, ബ്രസീലിലെ ജൈര്‍ ബെല്‍സനാരോ, ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍ തുടങ്ങിയ രാഷ്ട്രീയക്കാരെല്ലാം പോപ്പുലിസത്തിന്റെ തേരിലേറി അധികാരം പിടിച്ചവരാണ്. ഇന്ത്യയില്‍ മോദി ഒരു തികഞ്ഞ പോപ്പുലിസ്റ്റാണ്. ഈ പോപുലിസം രാഷ്ട്രീയത്തിലും സിനിമയിലും എല്ലാം പരന്നിരിക്കുന്നു. നിയമത്തേയും ഭരണഘടനമൂല്യങ്ങളെയും നിരസിക്കുന്ന, ന്യൂനപക്ഷ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ ഈ ചിന്താധാര ഇപ്പോള്‍ നീതിന്യായ മേഖലയിലും പൊലിസിലും കൂടി വ്യാപിച്ചിരിക്കുന്നു.
ഹൈദരാബാദില്‍ ഒരു വെറ്ററിനറി സര്‍ജനെ ബലാത്സംഗം ചെയ്തു കൊന്ന നാലു യുവാക്കളെ പൊലിസ് വെടിവച്ചുകൊന്ന നടപടി ഇതിന്റെ സൂചനയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 പ്രകാരം ഒരു വ്യക്തിയുടേയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ നിയമം അനുശാസിക്കുന്ന നടപടി ക്രമത്തിലൂടെയല്ലാതെ എടുത്തുകളയാനാവില്ല. ഈ അവകാശം കുറ്റാരോപിതര്‍ക്കും ലഭ്യമാണ്. കുറ്റാരോപിതന്‍, കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തുന്നത് വരെ അയാള്‍ നിരപരാധിയാണ്. ഈ തത്വം പൊലിസ് അവഗണിച്ചു.
സമൂഹത്തിന്റെ താഴെക്കിടയിലുള്ള കുറ്റാരോപിതരെ ലിഞ്ചിങിന് ഇരയാക്കിയ പൊലിസ് വമ്പന്‍ സ്രാവുകള്‍ പ്രതികളായ ഉന്നാവോ ബലാത്സംഗ കേസിലെ പ്രതികളെ ഇങ്ങനെ വെടിവച്ചു കൊല്ലാന്‍ തയ്യാറാകുമോ? ഇന്ത്യയിലെ ഏറ്റവും സുസ്സംഘടിതമായ മാഫിയയാണ് പൊലിസ് എന്നാണ് ജസ്റ്റിസ് എ.എം മുല്ല കമ്മിറ്റി (1980) നിരീക്ഷിച്ചത്. ഇന്ത്യന്‍ പൊലിസിന്റെ സാമൂഹ്യ, വംശീയ പക്ഷപാതം കുപ്രസിദ്ധമാണ്. ഈ സാഹചര്യങ്ങളില്‍ നീതി നിര്‍വഹണം പൊലിസ് ഏറ്റെടുക്കുന്നത് അപകടകരമാണ്. ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഈ പൊലിസ് ലിഞ്ചിങ്ങിനെ അഭിനന്ദിക്കുന്നവര്‍, 'നരകത്തിലേക്കുള്ള വഴി നല്ല ഉദ്ദേശ്യങ്ങള്‍ കൊണ്ട് നിര്‍മിതമാണ്'' എന്ന പഴമൊഴി ഓര്‍ക്കുന്നത് നന്നായിരിക്കും.
പൊലിസ് മാത്രമല്ല നീതിപീഠവും പോപ്പുലിസ്റ്റ് പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ബാബരി മസ്ജിദ് കേസിലെ വിധി ഉദാഹരണം. അക്രമാസക്തമായ ജനം ആവശ്യപ്പെട്ടതനുസരിച്ച് ക്രൈസ്തവ മിത്തോളജിയിലെ ബറാബ്ബാസിനെ വെറുതെ വിടുകയും യേശുവിനെ ശിക്ഷിക്കുകയും ചെയ്ത പീലാത്തോസിനെ പോലെയാണ് കോടതി പെരുമാറിയത്. രാഷ്ട്രീയത്തിലും സാംസ്‌കാരിക, സാമൂഹ്യ മണ്ഡലങ്ങളിലും ആഴത്തില്‍ വേരൂന്നിയ പോപുലിസം,നീതിപീഠത്തേയും പൊലിസിനേയും കൂടി കൈപ്പിടിയില്‍ ഒതുക്കിയാല്‍ അത് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ശവപ്പെട്ടിയില്‍ തുളഞ്ഞുകയറുന്ന അവസാനത്തെ ആണിയായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  16 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago