രാജ്യസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ നോട്ടയ്ക്ക് സ്‌റ്റേയില്ല
അഹമദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് സ്‌റ്റേയില്ല. വോട്ടിങ് മെഷീനില്‍ നിന്ന് നോട്ട നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിം തള്ളി. ഹരജി നല്‍കിയത് വളരെ വൈകിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ട വേണമെന്ന് 2014ലെ വിധിയുണ്ടെന്നും കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഗുജറാത്ത് ഘടകത്തിന്റേതായിരുന്നു ഹരജി. ഭരണഘടനയില്‍ നോട്ട നിയമപരമായ ഒരു വ്യവസ്ഥയല്ലെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ മാത്രമായി നോട്ട ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് പാര്‍ട്ടിക്കു വേണ്ടി ഹരജി നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ നല്‍കിയ ഹരജി അടിയന്തര സ്വഭാവമുള്ളതിനാല്‍ വേഗം പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ മാസം എട്ടിനാണ് ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞടുപ്പില്‍ മാത്രം നോട്ട ഉള്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
2013ലെ സുപ്രിം കോടതി നിര്‍ദ്ദേശത്തിന് ശേഷം 2014 ജനുവരിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ നോട്ട നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."