കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍വ്വകക്ഷി യോഗം
തിരുവനന്തപുരം: തലസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കേരളത്തെ സംഘര്‍ഷ ഭൂമിയായി ചിത്രീകരിക്കുന്ന രീതിയില്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത കക്ഷി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം അഭിപ്രായപ്പെട്ടു. തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തും. അനേകലക്ഷം ടൂറിസ്റ്റുകളാണ് ഒരു വര്‍ഷം കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തു നിന്നും ഇവിടെ എത്തുന്നത്. ടൂറിസ്റ്റുകളുടെ വരവിന് ഇത്തരം പ്രചാരണം വിഘാതമാകുമെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു.
ചെറിയ അക്രമസംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍പോലും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പലരും പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശനമുണ്ടായി. ഇത് ദേശീയതലത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതി ഉണ്ട്.
സംസ്ഥാനതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചര്‍ച്ചയാണ് പൊതുവെ ഉണ്ടായത്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും വേണമെന്ന് ആവശ്യമുയര്‍ന്നു. പൊലിസ് നിഷ്പക്ഷവും കര്‍ശനവുമായ നടപടികള്‍ എടുക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. അക്രമങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കാനും തടയാനും പൊലിസ് കൂടുതല്‍ ജാഗ്രത കാണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനലുകള്‍ പല പാര്‍ട്ടികളുടേയും ഭാഗമായി നില്‍ക്കുന്നുണ്ട്. ക്രിമിനലുകളെ ക്രിമിനലുകളായിത്തന്നെ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."