പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നിലവില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതലാണ് നിരോധനം നിലവില്‍ വന്നത്.
വ്യാപാരികളുടെ എതിര്‍പ്പുണ്ടെങ്കിലും നിരോധനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് സാമഗ്രികളുടെ സ്റ്റോക്ക് കൈവശമുണ്ടെന്ന പേരില്‍ 15 വരെ നിയമനടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
അതേസമയം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കും മുറിച്ചുവച്ച ഇറച്ചി, മത്സ്യം എന്നിവ പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉല്‍പാദകരും വില്‍പനക്കാരും ഇറക്കുമതിക്കാരും ബ്രാന്‍ഡഡ് ഉല്‍പന്ന പാക്കറ്റുകള്‍ ഉപഭോക്താക്കളില്‍നിന്നു തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും പാലിക്കുകയും വേണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളെയും നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ
ചെയ്യാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിനെതിരെയുള്ള ഹരജിയില്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.
സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോണ്‍ വോവണ്‍ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഹരജി സമര്‍പ്പിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നവവത്സരത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം എന്ന ലക്ഷ്യംവച്ചാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാലയങ്ങളില്‍ ഇന്നുമുതല്‍ നോ പ്ലാസ്റ്റിക്
തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫിസുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് പുറത്തിറക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ടേബിള്‍ ഷീറ്റുകള്‍, ഓഫിസ് അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, കപ്പുകള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ ബൗളുകള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കുണ്ട്. പ്ലാസ്റ്റിക് റീഫില്‍ പേനകള്‍ ഉപയോഗത്തിനു ശേഷം വലിച്ചെറിയാതെ ബോക്‌സില്‍ നിക്ഷേപിച്ച് ശേഖരിക്കാനുള്ള നടപടികളും സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."