പ്രകാശരേണുക്കള്‍ പ്രസരിപ്പിച്ച ജീവിതം
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍#
പ്രകാശരേണുക്കള്‍ പ്രസരിപ്പിച്ചു കടന്നുപോയ ജീവിതമായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടേത്. ലാളിത്യമാണ് ആത്മാവിന്റെ ജീവിതമെന്ന് അദ്ദേഹം പഠിപ്പിച്ചു തന്നു. ഭക്തിയുടെ ആരോഹണങ്ങളില്‍ വാക്കുകളും പ്രവൃത്തികളും നിറഞ്ഞുനിന്നു. സാത്വികഭാവത്തെ അലങ്കാരങ്ങളില്‍ നിന്നു മറച്ചുപിടിച്ചു. വിനയമാണ് ആചാര്യധര്‍മമെന്ന് പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
നിമിഷങ്ങള്‍ക്കു സ്വര്‍ണത്തേക്കാള്‍ വിലയുണ്ടെന്നാണ് അദ്ദേഹം പഠിപ്പിച്ചുതന്നത്. ആയുഷ്‌കാലത്തെ വിഭജിച്ചാല്‍ ദൈവപ്രീതിക്കു സമര്‍പ്പിക്കാനായി കിട്ടാവുന്നത് വളരെ കുറച്ചു സമയമേ ഉള്ളൂവെന്ന് കണക്കുകൂട്ടിയായിരുന്നു ആ ജീവിതം. അതൊരു അനിര്‍വചനീയമായിരുന്ന 'ടൈം മാനേജ്‌മെന്റ്' കൂടിയായിരുന്നു.
ജനന, മരണങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലം എന്നു നമുക്കു തോന്നുന്നുവെങ്കിലും അല്ലാഹുവിന്റെ വിചാരണയിലേക്ക് സമര്‍പ്പിക്കാന്‍ വേണ്ടി ലഭിക്കുന്ന സമയം വളരെ പരിമിതമാണ് എന്നതായിരുന്നു ആ ടൈം മാനേജ്‌മെന്റിന്റെ അടിസ്ഥാനം. കാഴ്ചയില്‍ പരമ്പരാഗത മതപുരോഹിതന്റെ ശരീരഭാഷ ആ വേഷത്തില്‍ ഒതുങ്ങിയിരുന്നു.
അല്‍ഐന്‍ എന്ന ആധുനികതയുടെ നഗരവല്‍കൃത സംസ്‌കാരത്തില്‍ അതിനോട് എതിരിട്ട് തോല്‍ക്കാന്‍ നില്‍ക്കാതെ അവയെ നന്മയുടെ പക്ഷത്തേക്ക് കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ വിജയകരമായ പരിണാമങ്ങളുമാണ് 'അല്‍ഐന്‍ ഉസ്താദ്' എന്നു കൂടി വിളിക്കപ്പെട്ടിരുന്ന അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള അല്‍ ഐനിലെ സ്ഥാപനങ്ങള്‍. അറബ് നേതൃത്വങ്ങള്‍ക്ക് പോലും ആശ്ചര്യകരമായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളും വിദേശ വിദ്യാര്‍ഥികളും പഠിക്കുന്ന ആ സ്ഥാപനത്തിന്റെ അതുല്യ വിജയം.
ജി.സി.സി രാജ്യങ്ങളുടെ മലയാളി കൂട്ടായ്മകളില്‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം കൊടുത്ത അല്‍ഐന്‍ സുന്നി സെന്റര്‍ ഉത്തമ മാര്‍ഗദര്‍ശിയായിരുന്നു. അതിനെ മാതൃകയാക്കിയാണ് പിന്നീട് ജി.സി.സി രാജ്യങ്ങളിലെ സുന്നി സെന്ററുകളും മറ്റും നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."