ശീഈ വഖ്ഫ് ബോര്‍ഡിന്റെ സത്യവാങ്മൂലം സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ശീഈ വഖ്ഫ് ബോര്‍ഡിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രം. ഒരുപാടു നാളായി കോടതിയില്‍ കിടക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള സുപ്രധാന ചുവടുവെപ്പാവും ശീഈ വഖ്ഫ് ബോര്‍ഡിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യന്‍ പറഞ്ഞു.
മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഉചിതമായ സ്ഥലത്ത്, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ശീഈ ബോര്‍ഡ് കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മസ്ജിദ് ക്ഷേത്ര പ്രശ്‌നം ഇരുസമുദായങ്ങളും തമ്മിലുള്ള തലത്തിലേക്കു മാറുന്നത് ഒഴിവാക്കപ്പെടണമെന്നതാണ് തങ്ങളുടെ നിലപാട്. രാമന്‍ ജനിച്ചുവെന്നു കരുതുന്ന സ്ഥലത്തിനു സമീപം ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്്‌ലിംകള്‍ക്കു കീഴിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കണം. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു നിലപാട് സ്വീകരിക്കുന്നതെന്ന് 30 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു.
പ്രശ്‌നം കോടതിക്കു പുറത്ത് പരിഹരിക്കണമെന്നും ശീഈ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കോടതിക്കു പുറത്തു ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് സുപ്രിം കോടതി കേസിലെ കക്ഷികള്‍ക്ക് സമയം അനുവദിക്കണം. മസ്ജിദ് നിലനിന്ന ഭൂമി ശീഈ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റേത് ആണെന്നും പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ബോര്‍ഡ് അവകാശപ്പെട്ടു. ഇരുവിഭാഗത്തിനും സ്വീകാര്യമായ തരത്തില്‍ രമ്യമായ പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്നും അവര്‍ അറിയിച്ചു.
ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖാന്തിരമേ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമുള്ള കേസിലെ പ്രധാനഹരജിക്കാരായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനു വിരുദ്ധമാണ് ശീഈ ബോര്‍ഡിന്റെ സത്യവാങ്മൂലം.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എം. അബ്ദുന്നസീര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് മുമ്പാകെയാണ് ശീഈ ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."