അതിരപ്പിള്ളി പദ്ധതി: ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍
തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി കണ്ണംകുഴിയില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് ബോര്‍ഡിന്റെ ഭൂമിയില്‍ തന്നെ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പ് പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചുവെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. നാട്ടുകാര്‍ അറിയാതെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി ലൈനുകള്‍ വലിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയതായി കെ.എസ്.ഇ.ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചിരിക്കെ അതിന് മുന്‍പ് നിര്‍മാണം തുടങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന സൂചനയുമുണ്ട്.
പദ്ധതി നിര്‍മാണത്തിനാവശ്യമായ ഒരു നടപടികളും പ്രദേശത്ത് ഇതിന് മുന്‍പ് നടന്നിട്ടില്ല. ഡാം നിര്‍മിക്കുന്നതിനായി വനഭൂമി വിട്ടുകിട്ടിയിട്ടില്ല. ടെന്‍ഡര്‍ നടപടികളും ആരംഭിച്ചിട്ടില്ല. വനാവകാശ നിയമ പ്രകാരം ആദിവാസികളുടെ ഊരു കൂട്ടത്തിന്റെ അനുമതി ലഭിച്ചാലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയൂ. എന്നാല്‍ ഈ അനുമതി പദ്ധതിക്കില്ല. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതെല്ലാം ലഭിക്കുന്നതിന് മുന്‍പ് വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയായിരുന്നു.
വൈദ്യുതി ബോര്‍ഡ് കമ്പനിയായതോടെ ഉല്‍പാദനവും വിതരണവും വ്യത്യസ്ത യൂനിറ്റുകളിലാണ്. അതുകൊണ്ട് തന്നെ നിര്‍മാണ പദ്ധതിക്കായി വിതരണ യൂനിറ്റിന്റെ കീഴില്‍ വരുന്ന പ്രവൃത്തി നടത്തിയതിലും ദുരൂഹതയുണ്ട്. പദ്ധതി നിര്‍മാണം തുടങ്ങിയെന്ന വാദം തെറ്റാണെന്ന് ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."