സമയക്രമ തീരുമാനം: ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭമെന്ന് ടോറസ് ടിപ്പര്‍ ഓണേഴ്‌സ് അസോ.
കൊച്ചി: ടോറസ് ടിപ്പറുകള്‍ സര്‍വിസ് നടത്തുന്നതിനുള്ള സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള ടോറസ് ടിപ്പര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ 2019 ജനുവരി 30 മുതല്‍ സര്‍വിസ് നിര്‍ത്തിവച്ച് ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ടിപ്പറുകള്‍ സര്‍വിസ് നടത്തേണ്ട സമയക്രമം തീരുമാനിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, കലക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
അപകടങ്ങളുടെ പേരുപറഞ്ഞ് ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹന പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി ശരിയല്ല. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ തങ്ങള്‍ക്കെതിരേ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്‍.ഡി ജോസഫ്, ജോണ്‍സണ്‍ പടമാടാന്‍, പി.എ ജെനീഷ്, സി.എ നൗഷാദ്, കെ.എസ് നിസാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."