ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു
ഹംപി: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹംപിക്ക് സമീപം ഇസ്റഈൽ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവർക്കൊപ്പമുള്ള സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. സുഹൃത്തുക്കളിൽ ഒരാളുടെ മൃതദേഹം കനാലിൽ നിന്ന് ഇന്ന് രാവിലെ കണ്ടെത്തി. ഒഡീഷ സ്വദേശി ബിബാഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി 11 മണിക്കും 11.30നും ഇടയിലാണ് സംഭവം. കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയ്ക്ക് അടുത്ത് സനാപൂർ തടാകത്തിന് സമീപമാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ,ഹംപിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ, ഇസ്രായേലി വനിത, ഒഡീഷ, അമേരിക്ക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പുരുഷന്മാർ ഉൾപ്പെടെ നാല് വിനോദസഞ്ചാരികൾ ഹോംസ്റ്റേ ഉടമയോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തുകയായിരുന്നു. അതിനിടെ, ബൈക്കിലെത്തിയ മൂവർ സംഘം സമീപത്തേക്ക് എത്തിയതായും ഒരു പെട്രോൾ പമ്പിലേക്കുള്ള വഴി ചോദിച്ചതായും പൊലിസ് പറയുന്നു. അടുത്ത് സ്റ്റേഷൻ ഇല്ലെന്ന് ഹോംസ്റ്റേ ഉടമ വ്യക്തമാക്കിയപ്പോൾ, അക്രമികൾ പണം ആവശ്യപ്പെട്ടു. സംഘം വിസമ്മതിച്ചതോടെ, കന്നഡയും തെലുങ്കും സംസാരിച്ച അക്രമികൾ മോശമായി പെരുമാറുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു.
അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്റഈൽ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. കാണാതായ ബിബാഷിന് വേണ്ടി കനാലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ബിബീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സ്ഥലത്തുവച്ച് പൊലീസ് ക്യാമറയുള്ള ഹാന്‍ഡ് ബാഗ്, പൊട്ടിയ ഗിറ്റാര്‍, രക്തംപുരണ്ട വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."